Saturday, December 16, 2006
സംക്രമപക്ഷിക്കൊരു ഗീതം
പൂമരക്കൊമ്പത്തിരിക്കുമെന്നോമന
പൈങ്കിളിപ്പെണ്ണിന്നു ദുഃഖം
വര്‍ണ്ണം വിടര്‍ത്തിയെന്‍ ചിന്തകള്‍ പൂവിട്ടു
മര്‍മ്മരം ചേര്‍ക്കും ദലങ്ങള്‍
ഹേമന്തരാഗത്തുടിപ്പില്‍ നിലാവിലും
കാതോര്‍ത്തു നിന്നൂ വിഭാതം
താളത്തില്‍ ജീവിത സ്വപ്നങ്ങളോടൊപ്പ-
മാലോലമാടുന്ന പക്ഷീ
നിന്‍ദുഃഖമെന്‍ദുഃഖമൊരുദുഃഖമെന്നതു-
മിന്നെന്റെ ദുഃഖമായ് മാറീ
തൂവലൊതുക്കി നാം ചേര്‍ന്നിരിക്കുമ്പൊഴീ
മാറിലെച്ചൂടു പകര്‍ന്നും.
ഹൃത്തുടിപ്പുള്ളില്‍ നിറഞ്ഞേറിയൊന്നുമേ
മിണ്ടാതെ മാറിയകന്നും
നമ്മളീ, ഞാനല്ല,നീയല്ലാ,തുണ്മയ-
മസ്തിത്വ ശാന്തി തേടുന്നു.
രാത്രിയില്‍ കോച്ചിവിറയ്ക്കും തണുപ്പേറ്റു
ദേഹം ചുരുക്കിപ്പതുങ്ങീ
കാനനകാന്തിയാം തൂവലിനുള്ളില്‍ നി-
ന്നാനന,മാഴ്തി,യൊതുങ്ങീ
ആയിരം പൂവിളി പൊങ്ങും പുലരിയില്‍
ജീവന്റെ നാദം മുഴക്കീ
പക്ഷങ്ങള്‍ വാശിയില്‍ വീശിയതിന്‍
കീഴിലിക്ഷിതി വെട്ടിപ്പിളര്‍ന്നും
നീ പറക്കുന്നൂ, ദിഗന്തം നടുങ്ങുന്നൂ
ദീപങ്ങള്‍ കണ്ണടയ്ക്കുന്നൂ
പൂര്‍വ്വികര്‍ തൂകിയ രക്തക്കുരുതികള്‍
നാടോടി ഗാനമായെങ്ങും
വേര്‍പ്പിനാല്‍ നട്ടു നനച്ചു വളര്‍ത്തുവാ-
നേരകപ്പുല്ലുകള്‍ മാത്രം
കാലം കലിതുള്ളി ഭൂതവും ഭാവിയു,
മാവേശമോടൊത്തു പാടീ
കുമ്പിളില്‍ കഞ്ഞി കുടിക്കുന്നവന്‍ തന്നെ
നെല്ലും നിലവു,മെടുക്കും
പൂമരക്കൊമ്പത്തിരിക്കുമെന്നോമന-
പ്പൈങ്കിളിപ്പെണ്ണിന്റെ ദുഃഖം
ഇപ്പൊഴും മൂകമാം വര്‍ത്തമാനത്തിന്റെ
സത്യമായുണ്ടതു ബാക്കി
ആകെത്തരിക്കു,മെന്നംഗുലികള്‍ക്കു നീ
മോതിരം ചാര്‍ത്തിക്കു വേഗം
നിന്മുഖം മൂടുന്ന കാര്‍മേഘമാലകള്‍
പെയ്യട്ടെ പേമഴയായി
തൂവലുണക്കിടാ,മാവേശമുഷ്ടികള്‍
വാനില്‍ ചുരുട്ടി, വിളിക്കാം
നാളെയും നാളത്തെ ലോകവും നമ്മുടെ
നാമാണു നമ്മെ നയിക്കാന്‍
Subscribe to:
Post Comments (Atom)
1 comments:
കാലം കലിതുള്ളി ഭൂതവും ഭാവിയു,
മാവേശ,മോടൊത്തു പാടീ
കുമ്പിളില്‍ കഞ്ഞി കുടിക്കുന്നവന്‍ തന്നെ
നെല്ലും നിലവു,മെടുക്കും
ഞാന്‍ ശുഭാപ്തി വിസ്വാസിയാണു്
Post a Comment