Saturday, December 23, 2006

മുറി


നാലു ഭിത്തിയിലും കൂടി
രണ്ടു ജന്നാല മാത്രം
ഒരു വാതില്‍ ,
മേലെ മച്ച്‌ വാര്‍ത്തിരിക്കുന്നു.

കറങ്ങാത്ത പങ്ക,
വേനലും മഴയും മഞ്ഞും
മുറിക്കുള്ളില്‍ വീര്‍പ്പു മുട്ടുന്നു.

ചുമരരുകില്‍ മേശ,
നിറയെ പാടുകള്‍ ,
കസേരയില്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍
‍അലമാരിയിലെ കണ്ണാടിയില്‍
തെറ്റും ശരിയും ചിരിക്കുന്നു

അയല്‍‌വീട്ടിലെ വെളിച്ചം
വഴിവിളക്കിന്റെ മിന്നാമിനുങ്ങുകള്‍ക്കൊപ്പം
അകത്തേക്കെത്തിനോക്കുന്നു

മങ്ങി മങ്ങി കത്തുന്ന മണ്ണെണ്ണ വിളക്ക്‌
കവിത കാത്തിരിക്കുന്നു
കനത്ത മൂകത

പ്ലൈവുഡിലുള്ള ഇരട്ടക്കട്ടില്‍
റബ്ബറും ചകിരിയും നിറച്ച മെത്ത
ചോരയുടെ ചൂടും ചൂരും മറഞ്ഞ
മജ്ജയും മാംസവും
തലയിണയില്‍ മുഖമമര്‍ത്തിക്കിടക്കുന്നു
ഓര്‍മ്മകള്‍
ഉടുതുണിയുരിഞ്ഞു പുതയ്ക്കുന്നു
വിസ്മൃതി
വിറങ്ങലിച്ച ദാരിദ്ര്യ യാമം

അക്ഷരങ്ങള്‍
കറുത്ത മേഘങ്ങളായി
മേശപ്പുറത്ത്‌ അടിഞ്ഞു കൂടുന്നു
പുക മൂടിയ സ്വാസകോശങ്ങളില്‍
‍വൈദ്യുതിപ്രവാഹം നിലയ്ക്കുന്നു

കണ്ണടയഴിച്ചു മാറ്റിയ
തണുത്ത നോട്ടം
ജാലകച്ചില്ലില്‍ ഇടിച്ചു തകരുന്നു
ധൂമകേതുവിന്റെ അവസാനതരിയും എരിഞ്ഞു തീരുന്നു

തെരുവില്‍ നിന്നും
വേഗങ്ങളുടെ
മഞ്ഞക്കണ്ണുകള്‍‍ തുറിക്കുന്നു

വിളക്കുകാലില്‍ മൂത്രമൊഴിക്കുന്ന നായ
നിലാവിന്റെ മുഖത്തു നോക്കി മോങ്ങുന്നു
മുറിക്കുള്ളില്‍ രൂപങ്ങള്‍ പലതായി
മുറിയുന്നു
പുറത്ത്‌ നിലാവുദിച്ചിട്ടേയുള്ളു
മുറിയിലേക്കതരിച്ചെത്തിയേക്കാം

3 comments:

അനംഗാരി said...

കവിതകള്‍ നന്നാവുന്നുണ്ട്.അഭിനന്ദനങ്ങള്‍.

qw_er_ty

വല്യമ്മായി said...

പുറത്ത് നിലാവും പിന്നെ മണിക്കൂറുകള്ക്ക് ശേഷം പുലരിയും വരും.അതാ മുറിയെ പ്രകാശമാനമാക്കട്ടെ

വേണു venu said...

ഈ മുറിയും ഇഷ്ടപ്പെട്ടു.
ശ്വാസകോശമെന്നല്ലേ.