Sunday, December 17, 2006

പോകയോ ദേവീ.....


പോകയോ ദേവി, നീ,യെന്നിലനന്തമാം
പാപബോധത്തിന്നിരുള്‍ നിറയ്ക്കാന്‍

പൂക്കളം മായുന്നു, പൂക്കളും വാടുന്നു
വന്‍കടല്‍ തേങ്ങിക്കരഞ്ഞിടുന്നു
കാടുകള്‍ വെട്ടിത്തെളിക്കുന്നു, കുറ്റികള്‍
തീക്കണ്ണുരുട്ടുന്ന ശ്യാമഗര്‍ത്തം

കാരാഗൃഹം കരിങ്കല്ലിനാല്‍ ചുറ്റിലു-
മേകാന്ത ശിക്ഷയൊരുക്കിടുന്നു
മേലെയാകാശവും മൂടിക്കറുക്കുന്നു
മേല്‍ക്കൂരയാം വിഷധൂളി സാന്ദ്രം

പോകയോ ദേവി, നീ,യെന്നെയിങ്ങീവിധം
മൂകനാം സാക്ഷിയായ്‌ മാറ്റിനിര്‍ത്തി

താഴുകളേഴിന്‍ വിലക്കുകള്‍ തീര്‍ത്തൊരു
മാളിക തട്ടിത്തകര്‍ത്തുകൊണ്ടേ
സംവത്സരങ്ങളുറങ്ങിക്കിടന്നൊരു
സത്തകള്‍ മൂരി നിവര്‍ത്തിടുന്നൂ

വസ്ത്രം മറയ്ക്കാ മനസ്സിലും സത്യങ്ങ-
ള‍സ്ത്രമായാഞ്ഞു പതിച്ചിടുന്നു
നമ്മുടെ യാത്ര പഥങ്ങളിന്നായിരം
മുള്ളുകളോര്‍മ്മയിലാഴ്ത്തിടുന്നു

പോകയോ ദേവി, നീ,യെന്നിലനന്തമാം
പോയകാലത്തിന്റെ ഭാരമേറ്റി..

3 comments:

Inji Pennu said...

രാ‍ജിയെ, എനിക്ക് മനസ്സിലായില്ല. കുട്ടിയെന്തിനാണ് ആ ബ്ലോഗും സരയൂ നദിയും ഡിലീറ്റിയത്? കുട്ടിയുടെ വികാരങ്ങളും വിചാരങ്ങളും യാതൊരു എഡിറ്റിങ്ങും ഇല്ലാതെ എഴുതിയിടാന്‍ ആണ് ബ്ലോഗ്. അത് രണ്ടെതിരഭിപ്രായം വന്നെന്നും കരുതി ഡിലീറ്റാനുള്ളതല്ല. ബാക്കിയുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കാന്‍ കാട്ടിയ ഈ സഹിഷ്ണുത ഒന്നും മാത്രം മതിയല്ലൊ കുട്ടിയുടെ ഹൃദയം തുറന്നു കാണിക്കാന്‍. അല്ലാതെ പുറകില്‍ ഇരുന്നു കുത്തുവരേ മാത്രമേ എല്ലാവരും പേടിക്കേണ്ടതുള്ളൂ.... ദയവു ചെയ്തു കുട്ടിയുടെ മനോധര്‍മ്മതിനനുസരിച്ച് എഴുതുക.

വക്കാരിമഷ്ടാ said...

അയ്യോ, അത് ഡിലീറ്റിയോ...

ഇഞ്ചിപ്പെണ്ണ് പറഞ്ഞതിനോട് യോജിക്കുന്നു. എന്ത് വേണം, വേണ്ട എന്നുള്ളതിന്റെ അവസാന തീരുമാനം എപ്പോഴും ബ്ലോഗിന്റെ ഉടമയാവട്ടെ. അത് തന്നെയാണല്ലോ ഇതിന്റെ സൌന്ദര്യവും സൌകര്യവും.

ഇനിയും താങ്കള്‍ക്ക് എഴുതണമെന്ന് തോന്നുന്ന കാര്യങ്ങള്‍ ധൈര്യമായി ആത്മവിശ്വാസത്തോടുകൂടിത്തന്നെ എഴുതണമെന്ന് തന്നെയാണ് എന്റെയും അഭിപ്രായം. താങ്കളെ ഏതെങ്കിലുമൊക്കെ പക്ഷത്ത് നിര്‍ത്തണമെന്ന് വായനക്കാര്‍ തീരുമാനിച്ചാലും താങ്കള്‍ ഏത് പക്ഷത്തെന്നുള്ളതിന്റെ അവസാന തീരുമാനം താങ്കളുടേത് തന്നെ.

Raji Chandrasekhar said...

ഒരു confusion ഉണ്ടായി. പ്രമേയം എന്തായാലും കവിതകള്‍ക്ക് ഒറ്റ ബ്ലോഗ് പോരെ..അതൊ രണ്ടു ബ്ലോഗ് വേണോ...