1
ഉത്തരദേശം ടിയാനന്‍മെന്‍ ചത്വരം
വിദ്യാര്‍ത്ഥിവര്‍ഗ്ഗ സമര രംഗം
ചെങ്കൊടിയേന്തിക്കൊ,ണ്ടവിടെത്തിച്ചീനതന്‍
തങ്കക്കുടങ്ങളാമായിരങ്ങള്‍
അഴിമതി,യേകാധിപത്യങ്ങളെന്നിവ-
യൊഴിയണം സ്വച്ഛത വന്നിടേണം
ഭരണത്തില്‍ ജനതയും പങ്കാളിയാകണം
പരതുകയാണവര്‍ പോംവഴികള്‍
ഒരു നാടിന്‍ ഭാവി വാഗ്ദാനങ്ങളാണവര്‍
പൊരുതും യുവജന കേസരികള്‍
സത്യ,മഹിംസകള്‍ കൈവെടിയാത്തവര്‍
സത്യാഗ്രഹത്തെ സ്വയംവരിച്ചോര്‍
വിണ്ണിലും സ്വപ്നങ്ങ,ളഞ്ജനം ചാര്‍ത്തിയ
കണ്ണിലും പുഞ്ചിരി പൂത്തിരുന്നൂ
പ്രേമാര്‍ദ്ര ചിത്തങ്ങള്‍ ഭാവിതന്‍ സങ്കല്‍പ-
സീമകള്‍ വാക്കാല്‍ വരച്ചിരുന്നൂ
സന്തോഷ,മലതല്ലു,മന്തരീക്ഷം വരും
സന്താപ,മാരു,മറിഞ്ഞതില്ല
അല്ലെങ്കിലാരുണ്ടറിയുന്നു പാരിതി-
ലല്ല,ലിങ്ങെത്തിടും ഗൂഢമാര്‍ഗ്ഗം
2
പെട്ടെന്നു ദിക്കുകളെട്ടും നടുക്കുന്നു
പൊട്ടുന്ന പട്ടാളത്തുപ്പാക്കികള്‍
വിരിമാറില്‍ സ്വപ്നം തുടിച്ചു നില്‍ക്കുന്നതാം
നിറമാറില്‍ വെടിയുണ്ട പാഞ്ഞു കേറി
വീണ, കടുന്തുടി, വില്ലുകളേന്തിടും
പാണികള്‍ ചിന്നിച്ചിതറി വീണൂ
വെട്ടേറ്റ വാഴപോലെമ്പാടും ദീനമായ്
ഞെട്ടറ്റ പൂക്കള്‍ പിടഞ്ഞു വീണു
അതുകണ്ടു ഞെട്ടിത്തരിച്ചുപോയ് ഹിമവാന്റെ
മുതുകിലെ മഞ്ഞിന്‍ കണിക പോലും
അതുവഴി പോകും പറവയും കാറ്റുമ-
ന്നതു കണ്ടു ദൂരെയൊളിച്ചു വേഗം
ക്രൂരതയാരിതു ചെയ്തു കുപിതനായ്
സൂര്യന്‍ മുകളില്‍ തുറിച്ചു നോക്കി
ഒരു കല്ലുപോലുമെറിയാത്ത കുട്ടിക-
ളരുമകളവരെന്തു തെറ്റു ചെയ്തു..?
കരുണതന്‍ തെളിനീരുറവകളകതാരില്‍
കരുതു,മുലകിലെ കവികളെല്ലാം
കമ്മ്യൂണിസത്തിന്‍ പുരോഹിതര്‍ ചെയ്തൊരീ
ഹത്യയെ പാര,മപലപിക്കെ
മന,മലിഞ്ഞവരുടെ കണ്ണുനീരൊപ്പുവാന്‍
ജനകീയ കവികളെ കണ്ടതില്ല
കവികള്‍തന്‍ തൂലികയെന്തേ,യനങ്ങാഞ്ഞു
അവരുടെ കൈയ്യിലും ചങ്ങലയോ...?
3
നവയുഗശക്തികള്‍ കര്‍മ്മവിമുഖമായ്
നടുവഴിതന്നിലിറങ്ങി നില്‍ക്കാന്‍
അര നിമിഷത്തിന്റെ ശക്തിപ്രകടന-
ത്തിരയടി കണ്ടു മയങ്ങി നില്‍ക്കാന്‍
എന്തെന്നു,മേതെന്നും തിരയുന്നോരക്ഷികള്‍
ചിന്തകള്‍ ക്ഷാളനം ചെയ്തു ചെയ്ത്
കമ്മ്യൂണിസത്തിന്‍ വരണ്ടവാദങ്ങള്‍ത-
ന്നന്ധത തിങ്ങു,മകത്തളത്തില്‍
തിരുമേനിമാരുടെ,യാന്തരദ്വന്ദ്വങ്ങള്‍
പൊരുളേറൂം വേദവാക്യങ്ങളായി
അടിയാളരെന്നു,മുരുക്കഴിച്ചീടുവാ-
നടിമകളായിത്തുടര്‍ന്നു പോരാന്‍
ഇളവറ്റ പുതിയൊരു ചങ്ങല തീര്‍ത്തുകൊ-
ണ്ടിളമുറക്കാരെ,ത്തളച്ചു നിര്‍ത്തീ
തിരുകുക തൊപ്പിയില്‍ തൂവ്വലിതെന്നവ-
രരുളവെ, മേലാളര്‍ നേതാക്കന്മാര്‍
കവിയു,മടിമത്ത ബോധത്താല്‍ ജനകീയ-
കവികളും കൈവിലങ്ങിട്ടിടുന്നൂ...
4
ഉണരുമീ നാട്ടിന്‍ യുവജനശക്തിക-
ളുയരാനനുവദിക്കാതൊതുക്കാന്‍
യുഗയുഗ സഞ്ചയ വിജ്ഞാന സമ്പത്തി-
കാണാതകറ്റി നിര്‍ത്താന്‍
നെടുതായിട്ടൊരു കോട്ട കെട്ടുവാന്‍ കോപ്പീട്ടു
പടു വൃദ്ധ നേതൃത്വ,മെന്റെ നാട്ടില്‍
അതിലണി ചേരാത്തോ,രരിയ സ്വാതന്ത്ര്യത്തിന്‍
കണ്ടു കൈകൂപ്പി നില്‍ക്കെ
അവരുടെ ചുടു ചോരയിലാറാടീ ചെങ്കൊടികള്‍
കവലകള്‍ തോറും കുരുതിയേകി
അവരുടെ,യച്ഛനു,മമ്മയു,മവരുടെ-
യവസാനമില്ലാത്ത കണ്ണുനീരും
അറുതിയെഴാതെ കുമിഞ്ഞ ദുഃഖങ്ങളും
വറുതിതന്‍ വറ്റാത്ത കയ്പുനീരും
കണ്ടിട്ടും കാണാതറിയാത്ത ഭാവത്തില്‍
മണ്ടീയൊളിക്കുന്നു കശ്മലന്മാര്‍
പുതിയൊരു കൊടി കണ്ടാലുടനതു കീറുവാന്‍
കുതി കൊള്ളും രാഷ്ട്രീയക്കോമരങ്ങള്‍
അവര്‍ തീര്‍ത്ത കോട്ടയിലിന്നത്തെ ജനകീയ-
കവികളും പാറാവു നിന്നിടുന്നൂ
5
പഴകി ജീര്‍ണ്ണിച്ചൊരാ പ്രത്യയ ശാസ്ത്രത്തിന്‍
കഴുകുകള്‍ വട്ടമിട്ടെത്തിടുമ്പോള്‍
ജനകീയമെന്നു പേര്‍ ചൊല്ലിക്കൊണ്ടവരിന്നും
ജനതയ്ക്കു മുന്നില്‍ കൈ നീട്ടിടുമ്പോള്‍
ചങ്ങല വീണൊരാക്കൈകളില്‍ നോക്കിക്കൊ-
ണ്ടിങ്ങനെ,യെന്‍ നാടു ഗര്‍ജ്ജിക്കുന്നൂ
"ജനകീയമെന്നു പേര്‍ ചൊല്ലിക്കൊണ്ടിവിടത്തെ
ജനതയെ വഞ്ചിക്കാന്‍ നോക്കിടേണ്ടാ..."
4-11-1989
4 comments:
പി. ശിവപ്രസദിന്റെ ബലിച്ചോര വായിച്ചു.
http://charukesi-charukesi.blogspot.com/2006_10_01_charukesi-charukesi_archive.html
ഈ പേജില്‍ തന്നെ കാര്യമായ പഠനം നടത്തേണ്ട കവിതകളാണുള്ളതു്. ഒന്നു ശ്രമിച്ചു നോക്കട്ടെ.
ശിവനു് ഇഷ്ടപ്പെടുമോയെന്നറിയില്ല. രചനകളുടെ അച്ചടി കോപ്പി കിട്ടാന്‍ സാദ്ധ്യതയുണ്ടോ..
പ്രിന്റെടുത്തയച്ചു തരാമോ..?
ആ അക്ഷരങ്ങള്‍ സാധാരണ രീതിയില്‍ ആക്കൂ, കണ്ണിന് ഭയങ്കര അസ്വസ്ഥതയുന്ന്ടാക്കുന്നു ആ അക്ഷരങ്ങള്‍
ചത്വരം എന്നാല്‍ എന്താണ്?
ബലിച്ചോര
ലോകം അന്ധമാണു്, ചപലവുമാണു്. അന്ധമായതു കണ്ണുകാണാത്തതു കൊണ്ടല്ല. കണ്ണു കാണാത്തവര്‍ മാത്രമല്ലല്ലൊ അന്ധന്മാര്‍. കാണേണ്ടവ കാണാത്തവരും കാണേണ്ടവയ്ക്കു നേരെ കണ്ണടയ്ക്കുന്നവരും കണ്ടിട്ടും കാണാത്ത ഭാവത്തില്‍ പെരുമാറുന്നവരും അന്ധന്മാര്‍ തന്നെ.
അതുകൊണ്ടാണല്ലൊ പനിനീര്‍ പൂക്കള്‍ക്കു നേരെ അവര്‍ തങ്ങലുടെ ലോഹവാതില്‍ കൊട്ടിയടയ്ക്കുന്നതു്. അങ്ങനെയുള്ള ലോകത്തെ അന്ധമെന്നു തന്നെ “അഗ്നിമലയാളം“ വിളിക്കും.
ആ ലോകം നമ്മുടെ ദൃശ്യവാസ്തവങ്ങളില്‍ ചുവന്ന ബലിച്ചോര കറുത്തുറഞ്ഞ ചെളിനിലങ്ങളാണു പ്രതിഫലിപ്പിക്കുന്നതു്. കദനത്തിന്റെ പര്‍വ്വതനിരകളില്‍ നിന്നൂറി നിറയുന്ന കണ്ണുനീര്‍ അതിലൂടെയാണു പുഴയായൊഴുകുന്നതു്. കാലവും കവിതയും ചത്തമീനുകളായി അതില്‍ നീന്തി നടക്കുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ട ജനതയുടെ ദ്വിമാന സമവാക്യമാണു് ലോകം. അതിന്റെ നിര്‍ദ്ധാരണമൂല്യങ്ങളായ കാലവും കവിതയുമാണു ചത്തുമലച്ചൊഴുകുന്നതു്. ദുരന്തബലിപ്പാറകള്‍ക്കിടയിലൂടെയുള്ള ഈ കുത്തൊഴുക്കു് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നതു് ശക്തമായ ഒരു തിരിച്ചറിവിലേയ്ക്കാണു്. അങ്ങനെ ജീവോന്മുഖമായിരിക്കണം കാലവും അതിന്റെ പ്രതിസ്പന്ദമായ കവിതയുമെന്ന ഉദ്ഘോഷമായി “ബലിച്ചോര“ മാറുന്നു
Post a Comment