Monday, December 11, 2006

ഒരു വേദിക്കരികില്‍

തെങ്ങൊലകള്‍ക്കിടയിലൂടെത്തി നോക്കും നീലാകാശം
മങ്ങിമങ്ങിയിരുണ്ടുപോം വെള്ള മേഘങ്ങള്‍‌


‍താഴെ വെള്ളച്ചുമരുകളതിരുകള്‍ തിരിക്കുന്നി-
താഴമുള്ള കുളം പോലെ ചെറിയ മുറ്റം

മഞ്ഞ നിറ,മിടചേര്‍ന്ന പുല്‍ത്തകിടി,യരികിലായ്‌
മഞ്ഞണിഞ്ഞ മാമലതന്‍ നിഴല്‍ക്കൂത്തുകള്‍‌

വെളുവെളെക്കനലുകള്‍‌‍ തെളിയിക്കും ട്യൂബിന്‍ നിര
ഇളം കാറ്റിലിളകുന്നോ,രരുണ കേതു

ഇവയെല്ലാ,മൊരു പേനത്തുമ്പില്‍ പുനര്‍രചിക്കുന്ന
കവിയു,മുണ്ടൊപ്പമായി,ച്ചിത്രകാരനും

ചിത്രകാരന്‍ വെള്ളത്താളില്‍ കുനുകുനെ വരയ്ക്കുന്ന
ചിത്രം രമ്യം പരിചിതം ഭാവസാന്ദ്രവും

വേദിയിലോ പലപല പൊയ്മുഖങ്ങളഴിയുന്നു
വേദനയോടിവനതും കണ്ടിരിക്കുന്നൂ

22-10-1990

4 comments:

വിഷ്ണു പ്രസാദ് said...

രാജീ,
പോസ്റ്റുകളുടെ ഈ പ്രളയം ഒരഭിപ്രായം എഴുതാന്‍ സമ്മതിക്കുന്നില്ല.എഴുതിയ മിക്ക കവിതകളും നല്ലവ.ഒന്നിനെ ക്കുറിച്ച് ഒരഭിപ്രായം കുറിക്കാമെന്ന് കരുതുമ്പോള്‍ വേറൊരു കവിത പറയും :‘എന്നെക്കുറിച്ച് ഒന്നും പറയാഞ്ഞതെന്തേ?’ എന്ന്.അതുകൊണ്ട് ...ഈ നല്ല കവിതകള്‍ വായിക്കാന്‍ കുറച്ചുകൂടി സമയം അനുവദിക്കൂ.ഇപ്പോള്‍ വേഡ്പ്രസ്സിലും കണ്ടു,രാജിയുടെ ഒരു ബ്ലോഗ്.അതും നല്ല കവിതകള്‍ .എങ്ങനെയാണ്
എന്നെപ്പോലെയുള്ള മടിയന്മാര്‍ ഇതെല്ലാം കൂടി വായിക്കുക.ഇതെല്ലാം കൂടി ഒരുമിച്ച് പോസ്റ്റിയിട്ട് എങ്ങോട്ടെങ്കിലും പോവാനുള്ള പരിപാടിയുണ്ടോ.....:))

അനംഗാരി said...

രാജി,
രാജിയുടെ കവിതകളൊക്കെ വായിച്ചു, പലതും വളരെ നല്ല കവിതകള്‍. ബ്ലോഗുലകത്തിന് പ്രതീക്ഷ നല്‍കുന്ന കവിതകള്‍. പക്ഷെ ഇങ്ങനെ ഒറ്റയടിക്ക് എല്ലാം കൂടി എഴുതിയിടാതെ.ഓരോന്നായി പതുക്കെ പതുക്കെ പോരട്ടെ. പിന്നെ കമന്റുകള്‍ പിന്‍‌മൊഴിയില്‍ വരാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക. ചെയ്തുകാണും എന്ന് പ്രതീക്ഷിക്കുന്നു. മറ്റൊന്ന്, മറ്റുള്ളവരുടെ ബ്ലോഗില്‍ പോയി രാജിയുടെ ബ്ലോഗിന്റെ പരസ്യം കൊടുക്കരുത്. വായിക്കാനുള്ളവര്‍ വായിക്കും, കേള്‍ക്കും, കാണും. എല്ലാവരും പ്രതികരണങ്ങള്‍ നല്‍കിയെന്ന് വരില്ല. അതുകൊണ്ട് നിരാശയാകരുത്. കാമ്പുള്ളതും, കാമ്പില്ലാത്തതും വായിക്കാന്‍ ആള്‍ക്കാര്‍ ഉണ്ട് എന്ന് മനസ്സിലാക്കുക. അഭിനന്ദനങ്ങള്‍.

Raji Chandrasekhar said...

വിഷ്ണുപ്ര്സാദിനു്
89-നും 93-നും ഇടയ്ക്ക് എഴുതിയിട്ടുള്ള കവിതകളാണു കൂടുതലും. പുതിയവ ഓരോന്നായി പോസ്റ്റു ചെയ്യാം.
അഭിപ്രായം എഴുതുമ്പൊള്‍ ഒരു പഠനം തന്നെ ആയിക്കോട്ടെ...

Raji Chandrasekhar said...

അനംഗാരിക്ക്
ആദ്യമായ് ബ്ലോഗ് ചെയ്യുന്നതു കൊണ്ട് അറിവില്ലായ്മയുടെ തകരാറുകള്‍ ഒത്തിരിയുണ്ട്.

മറ്റുള്ളവരുടെ ബ്ലോഗ്ഗില്‍ പരസ്യം ഉദ്ദേശിച്ചതല്ല,

ഒരു ഇന്‍‌വിറ്റേഷന്‍ നല്‍കിയെന്നേയുള്ളു..അതും നന്നായി ഇഷ്ടപ്പെട്ടതില്‍ മാത്രം.

ഇതു പോലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തിരുത്താനുള്ള അവസരവും കൂടി ഇനിയും നല്‍കണേ...