Saturday, December 30, 2006
വാക്കു്
നീയൊരു വാക്കെടുത്തെന്‍ നേര്‍ക്കു നീട്ടുന്നു
എന്താണിതിന്നര്‍ത്ഥമെന്നു ചോദിക്കുന്നു
ആരിതു, ടി,വീ,യില്‍....? ഷാറൂഖ്,കാജോളു-
മാടി,ത്തിമിര്‍ക്കുന്ന മാദക ഭംഗികള്‍
നേരിന്‍ നിറവാ,യരികിലെന്‍ ജീവിതം
നേടിയ ധന്യത, പാതിമെയ് പൂര്‍ണ്ണിമ.
എന്താണു വാക്കു, ഞാന്‍ മിഴി തെല്ലുയര്‍ത്തവെ
എത്തിനോക്കുന്നതെന്‍ ജീവാര്‍ത്ഥ ശങ്കകള്‍
കണ്ണു ചിമ്മുന്നുവോ, ദീപങ്ങ,ളുള്ളിലും
കത്തുന്നതര്‍ത്ഥ,മനഥമാം വ്യര്‍ത്ഥത.
എന്തുമാകട്ടെ'പരുന്തുമനുഷ്യനെ-
ന്നെത്തിയ വാക്കു ഞാന്‍ തട്ടിമൂളിക്കുന്നു
നീ ചിരിക്കുന്നു-ഇതെന്തര്‍ത്ഥമിങ്ങനെ?
നീളുന്നുപിന്തുണ-ഇതേട്ടന്റെ വേലയാ!
നീ വേല വയ്ക്കല്ലെന്നു വേഗം നിഘണ്ടു
നീളെ ഞാനര്‍ത്ഥം പരതുന്നു ചൊല്ലുന്നു
പാതയില്‍ വേഗം പകുക്കും മനസ്സുകള്‍
പാതിയില്‍ നിന്നതാണല്ല്ലല്ല നിര്‍ത്തി,നാ-
മാട്ടവും പാട്ടും കിനാക്കളും നമ്മള്‍ക്കു
നാമേ കുറിക്കുന്നു മംഗളാശംസകള്‍.
കാലം കറങ്ങാത്ത പങ്കയായ് നില്‍ക്കുമ്പോള്‍
കാണാത്തൊരര്‍ത്ഥങ്ങള്‍ തേടി നീപോകുന്നു.
Monday, December 25, 2006
ധന്യന്‍
നിബിഡാന്ധകാരത്തിലതിദിവ്യ ദീപമാ-
യകലുമെന്‍ ചേച്ചിയോടൊപ്പമെത്താന്‍
നിഴലുപോലകലാതെയൊപ്പം നടക്കുവാ-
നകതാരിലാശയുണ്ടെങ്കിലുമെന്‍
നിയതിയോ നിനവോയെന്നറിയില്ല പിറകോട്ടു
പകയോടെയെന്നെപ്പിടിച്ചു നിര്‍ത്തി
നിടിലത്തിലെരിതീ ജ്വലിക്കു,മുഷസ്സിലെ-
പ്പുകമഞ്ഞു കാറ്റിലലിഞ്ഞു തീര്‍ന്നൂ
നിമിഷവും കളയാതെ നിന്നെ ദര്‍ശിക്കുവാ-
നരികത്തണഞ്ഞു ഞാന്‍ ധന്യനായി
ചില്ലു ജന്നാലതന്‍..
ചില്ലു ജന്നാലതന്നപ്പുറമെത്തി നീ-
യെന്നെ വിളിക്കല്ലെ
മൂളിക്കറങ്ങുന്ന പങ്കയ്ക്കു താഴെ
വിമൂക,മിരിക്കുന്നവന്‍
ധ്യാനവിലീനമാം ചക്രവാളങ്ങളെ
തേടിപ്പുറപ്പെട്ടവന്‍
ഇന്നവനേതോ നിരാശതന്‍ കൈകളില്‍
ഞെങ്ങി ഞെരുങ്ങുന്നവന്‍
വേണ്ട വേണ്ടൊന്നുമെന്നോര്‍ക്കുവോന്‍
വേണ്ടാത്തവേദന പേറുന്നവന്‍
തിങ്ങു,മിരുളിന്റെ കോണില്‍ മാറാലകള്‍
കെട്ടിയൊരുക്കുന്നവന്‍
തന്റെ പുറന്തോടിനുള്ളിലായ് നീണ്ടൊരു
നിദ്രയും കാത്തിരിക്കെ
ചില്ലു ജന്നാലതന്നപ്പുറ,മെത്തി നീ-
യെന്നെ വിളിക്കല്ലെ
ഒന്നു മയങ്ങുവാനാശപേറുന്നവ-
നൊന്നുറങ്ങട്ടെ പോട്ടെ..
നഗരപ്പേടി
എനിക്കു പേടി,യിച്ചതിക്കുഴികളെ-
യൊളിപ്പിക്കുമിടവഴികളെ,റോഡില്‍
വലിച്ചെറിഞ്ഞതാം പഴത്തൊലികളെ-
യെരിഞ്ഞു തീരാത്ത പുകച്ചുരുളിനെ
നിരത്തിലെ ചപ്പു ചവറിനെ,മനം
പിരട്ടുന്ന ഗന്ധം വമിക്കു,മോടയെ.
എനിക്കു പേടി,യീത്തിരക്കിനെ,
ബസ്സില്‍ കയറവെ,യേല്‍ക്കും ചവിട്ടിനെ,
പിന്നെ,യസഭ്യവര്‍ണ്ണത്തില്‍ കുതിര്‍ന്ന വാക്കിനെ
അസഹ്യമായ് പൊന്തും വിയര്‍പ്പു നാറ്റത്തെ
നിരന്ന ക്യൂവിലു,മിടിച്ചിടിച്ചെന്നെ
മറികടക്കുന്ന ബലവാനെ, കണ്ടാല്‍
കരം കവരുന്ന സുഹൃത്തിനെ, പിന്നില്‍
പുലിനഖമാഴ്ത്തും ദൃഢാശ്ലേഷങ്ങളെ
എനിക്കുപേടിയെന്‍ മനസ്സിനെ, നിഴല്‍
നിറഞ്ഞ ചിന്തയെ, പിടി തരാതോടും
കനവിനെ, ഭ്രാന്തിന്‍ ചടുലവാക്കിനെ,
നിനവിനെ,ക്കരിമിഴികളെ- നിന്നെ.
എനിക്കു പേടിയിങ്ങൊരിറ്റു സാന്ത്വനം
പകര്‍ന്നു നല്‍കാത്ത മനുഷ്യനെ,
യേതൊ ശവം മണക്കുന്ന റയിലരുകീലായ്,
നിലാവൊഴുകുന്ന രജനിയില്‍ കാടി-
ന്നിരുള്‍ മറവിലാ,യൊരു നിമിഷത്തിന്‍
സുഖം പകര്‍ന്നിടും കൊടും വിശപ്പിനെ.
എനിക്കു പേടിയീ ഭയങ്ങളു,മുള്ളില്‍
പൊടിക്കാറ്റും പുക നിറഞ്ഞ വായുവു-
മൊടുങ്ങാത്ത ശബ്ദ ബഹളവും ഹോണും
നിറഞ്ഞു നില്‍ക്കു,മീ നഗരത്തെ- നമ്മെ..
പുഞ്ചിരി
ഈറന്‍ നിലാവിന്റെ പൂവാടയാലെന്റെ
നീറും ഹൃദന്തരം വീശി വീശീ
നീല ജലാശയത്തിങ്കല്‍ വെണ്‍ഹംസമായ്
ആലോലമാടും കിനാവിലൂടെ
രാകേന്ദുവായുള്ളിലേറ്റം കുളിര്‍മഴ
തൂകും നിന്‍ പുഞ്ചിരിക്കര്‍ത്ഥമെന്തേ.....?
തേനിമ്പമാര്‍ന്നന്‍പിന്‍ കാകളി ഗീതികള്‍
കാനനപ്പൂംകുയില്‍ കൂകിടും പോല്‍
കാര്‍മ്മുകില്‍ മൂടുമെന്‍ ചക്രവാളങ്ങളി-
ലൂര്‍മ്മികള്‍ തീര്‍ത്തിടും മിന്നല്‍ പോലെ
വന്നുദിച്ചെങ്ങോ ലയിച്ചടങ്ങീടുവാന്‍
വെമ്പിടും പുഞ്ചിരിക്കര്‍ത്ഥമെന്തേ.....?
ഞാനും കൂടി...
നിറനിലവിന്‍ പൂവനത്തില്‍
നിറമെഴും പുതു പൂക്കളെന്നും
വിരിയവെ വന്നിറുക്കാനായ്
ചിരിയണിഞ്ഞൊരു പരുഷവാക്കിന്‍
കരിമുകില്‍ തിര നീക്കിടുമ്പോ-
ളരികില്‍ നിന്‍തുണയാകുവാന്‍
വാനവീഥിയിലെത്തിടാം-
ഈ ഞാനും കൂടി...
വിണ്ണിലന്ധത കൂടു കൂട്ടി-
ക്കണ്ണിലും കൂരിരുളുറഞ്ഞീ-
മണ്ണിലിനി ഞാന്‍ ഭാരമെന്നൊരു
ചിന്ത കണ്ണു തുറിച്ചു ചുറ്റിലു-
മെങ്കിലും നിന്‍ ഭവ്യമോഹം
തിങ്കളായ് വെണ്‍ശോഭ തൂകും
വാനവീഥിയിലെത്തിടാം-
ഈ ഞാനും കൂടി.
ഇനിയുമൊരുദിന,മൊന്നു കാണാ-
നിടതരില്ലീ,ക്കാലമെന്നാല്‍
കനവിലും നിന്‍കരുണ കലരും
നിനവുകള്‍ വന്നൊന്നു ചേരും
തിരകളില്‍ തൂവെണ്മ ചാര്‍ത്തും
കിരണമായ് നീയുദിച്ചീടും
വാനവീഥിയിലെത്തിടാം-
ഈ ഞാനും കൂടീ...
മൗഢ്യം
പ്രപഞ്ചത്തിനന്തര്‍മ്മനം ചെറ്റുലച്ചും
പ്രചണ്ഡപ്രവേഗപ്രതാപം നിറച്ചും
പ്രഗാഢാന്ധകാരം നിറയ്ക്കുന്നു ചുറ്റും
പ്രദീപ്തം വിയത്തില്‍ ജ്വലിക്കുന്ന മിന്നല്‍
നടുങ്ങുന്നൊരല്‍പം മനസ്സില്‍ പ്രകമ്പം
നിലയ്ക്കാ,തിരിക്കും സ്ഥലം വിട്ടു പാഞ്ഞൂ
നടുക്കോട്ടു പെട്ട്ടെന്നിടയ്ക്കൊന്നു നിന്നൂ
നിനക്കെന്തധൈര്യം സ്വയം നീ മറന്നോ...?
പ്രഭാതം വിടര്‍ന്നെന്നപോല്‍ നിന്റെ "ചേച്ചി"
പ്രമോദപ്രവാഹത്തിലാറാടി നില്‍ക്കാന്‍
പ്രഭാവം ചെലുത്തേണ്ട നീ,യേതു ഭീതി-
പ്രപാതത്തിലാണ്ടര്‍ദ്ധമാത്രയ്ക്കു മൂഢം
വിഷുക്കണി
വിഷുപ്പുലരിയില്‍ വിളിച്ചുണര്‍ത്തുവാ-
നുഷസ്സുപോലെ നീ കുളിച്ചണയവെ
മല,മടിയില്‍ നിന്നൊരു കുളിര്‍തെന്നല്‍
അലയിളക്കി വന്നൊരുക്കിയെന്‍ മനം
"ഇതു പഴംകഥ"-യെനിക്കറിയില്ലെ-
ന്നതും കൂടി നിനക്കിനിയുരച്ചിടാം.
നിലവിളക്കുകളെരിയും വേദിയില്‍
നിലവിളികള്‍തന്‍ മരണഭേരിയും
നിലവറയ്ക്കകത്തമര്‍ന്ന തേങ്ങലും
നിലതെറ്റിപ്പിടഞ്ഞിമ നനയ്ക്കവെ
ചിരം സമാശ്വാസം കലര്‍ന്ന പുഞ്ചിരി-
ത്തിരകളായെന്നില്‍ കലമ്പിയാര്‍ത്തു നീ
വിരിഞ്ഞുലഞ്ഞു പൊന്‍കണിയൊരുക്കി നീ-
യരികിലങ്ങനെ,യണഞ്ഞിരിക്കവെ
മല മുകളിലുണ്ടൊരു ചിരിയുടെ
മലരണി മുകിലുരുമ്മി നില്‍ക്കുന്നു.
'ഇതും പഴംകഥ" പകലൊടുങ്ങിപോല്‍
പുതു പുല്‍നാമ്പിലും പക പുകയുന്നൂ
ശിരസ്സിലിപ്പൊഴും ചുടുനിണവുമാ-
യിരയും തേടി വന്നടുക്കും ശത്രുവെ-
ത്തടുക്കുവാനെന്റെ,യൊടുക്കത്തെ,
യസ്ത്രംകടമെടുത്തു നീ, തൊടുക്കെന്നെന്നിലും..
മരിച്ചുവോ ശത്രു, പഴംകഥകളും
സ്മരിച്ചു ഞാനെന്റെ മിഴിയടച്ചിടാം..
സ്നേഹമുനമ്പില്‍....
പൊങ്ങിയു,മല്‍പം ചരിഞ്ഞു ചാഞ്ചാടിയും
മെല്ലെത്തിരയിലൂടക്കരെയെത്തുന്നൊ-
രോര്‍മ്മയില്‍ കണ്ണുനീരുപ്പു ചേര്‍ക്കും കടല്‍-
ക്കാറ്റുപോല്‍, വീശീയടിക്കുന്ന ചിന്തകള്‍
മൗനധ്യാനത്തിലും നിന്റെ കാലൊച്ചകള്‍
മൗന,മുറയുന്നുവോ സഖീ നിന്റെ ചുറ്റും..?
പാറയെക്കെട്ടിപ്പുണര്‍ന്നു പിന്‍വാങ്ങിടും
വീചിയില്‍ പുഞ്ചിരിപ്പാല്‍ പതഞ്ഞീടവേ
വസ്ത്രാഞ്ചലങ്ങളില്‍ കൈകളും കാറ്റുമായ്
യുദ്ധം മുറുകവെ, കൈവരി ചേര്‍ന്നു നാം
നീലത്തിരകളിലുറ്റുനോക്കി, ചിന്ത-
വേര്‍തിരിച്ചെന്തേ, ചികഞ്ഞെടുത്തൂ
കാലം മറന്നതാ,മാദ്യാനുരാഗമോ
കാലില്‍ക്കുരുക്കിടും പ്രേമചാപല്യമോ.
നീ,യെത്ര ജന്മാന്തരങ്ങളാ,യാത്മാവി-
ലൂറുന്ന പാപബോധം, ചിതാഭസ്മവും
പൂശിയെത്തുന്ന സന്ധ്യയില്‍ നിന്‍നിഴലായ്
മൗന സഹയാത്ര ചെയ്യുവാനൊക്കുമെന്നോ...?
നിന്‍ കണ്ണുമാത്ര,മെന്താഴിക്കുമപ്പുറം
നിന്‍ കണ്ണിലെന്തേ നിഗൂഢ ഭാവം..?
ഹേ സഖീ, നീയോര്‍ത്തുവോ, പൊക്കിള്‍ക്കൊടിയി-
ലൂടമ്മ പകര്‍ന്നതാ,മൂര്‍ജ്ജവും ശക്തിയും
നമ്മളായ് മാറിയതെങ്ങനെ, നമ്മളില്‍
മൊട്ടിടും മോഹങ്ങ,ളമ്മയെ,ത്തേടുന്ന-
തെന്തി,നീ ചാഞ്ചല്യ,മാഴിക്കുമെന്തിന്..?
എന്തി,നീ മൗനവിഷാദഭാവം സഖീ..
ഹേ സഖീ, കടും പാറ ഞെട്ടില്ലയൊട്ടും
നീയോങ്ങിയാഴ്ത്തും കഠാരങ്ങളെങ്കിലും
ചെഞ്ചോര ചീറ്റിത്തെറിക്കില്ല, വാക്കുകള്‍
ചക്രവാളത്തിന്റെ മൗനം തകര്‍ക്കിലും
നോക്കൂ പടിഞ്ഞാറു പടിയുന്നു ഞായര്‍
കേള്‍ക്കൂ കടല്‍ക്കാറ്റിരമ്പുന്നിതുള്ളിലും.
പാടാത്ത പാട്ടൂകള്‍...
പാതിരാ പക്ഷികള്‍ പാട്ടു നിര്‍ത്തി
പാടാത്ത പാട്ടീനായ് കാത്തിടേണ്ട
അഴകേഴു,മല്ലിന്നു വേണ്ടതെന്നാ-
ലഴലിന്റെ കുത്തൊഴുക്കൊന്നുമാത്രം
മതി,യീ നരകവും നാകമാക്കാന്‍
മതികെട്ടു പക്ഷികള്‍ പാട്ടു നിര്‍ത്തി
ഇലകളില്‍ തങ്ങിയ മഞ്ഞുതുള്ളി
ഇളകുംപോല്‍ കാറ്റടിച്ചല്‍പമാത്രം
കവിതയകലുമ്പോള്‍ പാടിടാനായ്
കഴിയാത്ത കവിയുടെ തേങ്ങലായി
നിമിഷങ്ങള്‍ നിശ്ചലമായിടുമ്പോള്‍
കുമിയു,മിരുളിനെ സാക്ഷി നിര്‍ത്തി
പാതിരാ പക്ഷികള്‍ പാട്ടു നിര്‍ത്തി
പാടാത്ത പാട്ടുകള്‍ ബാക്കിയായീ.
വിഭാത വേളയില്‍...
വിഭാത വേളയില്‍
ജന്നലിലൂടകത്തിടുന്ന പത്രവും
ഒരു വെയില്‍ക്കീറും
വഴിയില്‍ പാലുമായ് മണിയടിക്കുവോന്‍
അഴികള്‍ക്കിപ്പുറം കുരയ്ക്കുന്ന നായ
കിടക്കയില്‍
പൊട്ടിച്ചിതറിയ കുപ്പിവളകളും
ഇതളടര്‍ന്ന പൂക്കളും
കരങ്ങളില്‍ ആവി പറക്കും കപ്പുകള്‍
മധുരസ്നേഹത്തിന്‍
ചെറുചിരി ചുണ്ടില്‍
നയനങ്ങള്‍ ലജ്ജാ ഭരിതം
ഉള്ളിലെ
കുറുകും പ്രാവിന്റെ
ചിറകടിയൊച്ച.
നീയൊരു ശല്യ,മെന്നാരു ചൊല്ലീ....
നീയൊരു ശല്യ,മെന്നാരു ചൊല്ലീ....
പുല്‍നാമ്പും പൂക്കളും മേഘങ്ങളൊക്കെയും
പുല്‍കി വന്നെത്തിടും കൊച്ചു കാറ്റേ
ഞാറുകള്‍ നട്ടുനട്ടങ്ങു തളര്‍ന്നു മെയ്
ചേറണിഞ്ഞൊട്ടു വിയര്‍ത്തിടുമ്പോള്‍
വേഗേന വീശുന്നു വേര്‍പ്പിന്റെ തുള്ളിക-
ളാകവേ,യൊപ്പി നീ മാറ്റിടുന്നൂ
നിറവ്..
പഴമതന്‍ പാഴ്‌മുറക്കെട്ടിനുള്ളില്‍
പഴകിയ മോഹം തെറുത്തു കേറ്റി
മറവിതന്നാഴത്തിലാഴ്ത്തിയിട്ടൂ
പിറവിയേ വേണ്ടവയ്ക്കെന്നു നണ്ണി
അഴലിന്‍ കയങ്ങളിലാഴ്‌ന്നിടുന്നോ-
നഴകേഴു,മെന്തിനാ,യെന്തിനായി..?
അവിടെത്തി,പ്പാതിരാ പക്ഷി പാടീ
കവി വീണ്ടു,മെന്തിനോ കേണിടുന്നൂ
അകലെയായ് തൂമഞ്ഞു മൂടിടുമ്പോള്‍
പകയോടെ പൊങ്ങേണ്ട സൂര്യനെങ്ങോ
മനതാരില്‍ നൂല്‍വല കെട്ടി താനേ
കുനിയും ശിരസ്സുമായ് നൂണ്ടു കേറി
ചുടു നിണം കൊണ്ടവനക്ഷരവും
കുടുകുടെ,യശ്രുവും വാര്‍ത്തിടുമ്പോള്‍
അവിടെത്തിപ്പാതിരാ പക്ഷി പാടീ
കവി തേടും സത്യം ഞാന്‍ കണ്ടുവെന്നായ്
കവിതയീ വരികളില്‍ വഴിയുമെന്നായ്
അരുമയോടാനന്ദ,മേകുമെന്നായ്..
പ്രകൃതിയെന്നെ കൃപയോടെ നോക്കുന്നൂ.
പ്രകൃതിയെന്നെ കൃപയോടെ നോക്കുന്നൂ.
കൈതവം കളഞ്ഞേതു പുല്‍മേട്ടിലും
ശൈശവം ഞാന്‍ കളിച്ചു തിമിര്‍ക്കുന്നു
കുന്നിലേറുന്നു ചോരത്തിളപ്പുമാ-
യെന്നിലേറും മദോന്മത്ത യൌവ്വനം.
കാടുകള്‍ക്കുള്ളിലേറെ നിഗൂഢമാം
ജീവചോദനതന്‍ പൊരുള്‍ തേടുന്നൂ
മലമടക്കില്‍ പതഞ്ഞു പൊങ്ങുന്നു ഞാന്‍
മലയിടുക്കില്‍ കുതിച്ചു താഴുന്നു ഞാന്‍
നദിയിലെല്ലാം തകര്‍ത്തൊഴുകുന്നു ഞാന്‍
ചുഴിയിലേറ്റം വിവശ,മാഴുന്നു ഞാന്‍
എന്റെ കോശങ്ങള്‍ മന്ത്രിപ്പു മന്ദ്രമായ്
നിന്മടിത്തട്ടിലെന്നെ,യുറക്കുക.
സമയാന്തരം
ജാലകച്ചില്ലിന്‍ പൊടി നീ തുടയ്ക്കുക
നീലനിലാവിന്‍ കിനാവുകള്‍ കാണുക.
പാതയില്‍ തിങ്ങിടും ജീവിതം സംഘര്‍ഷ-
ഭൂതം പിടിച്ചു കുലുക്കിക്കളിക്കവെ
താഴേയ്ക്കുതിര്‍ന്ന പൊന്‍മുത്തുകള്‍ തേടി നാം
കേഴേണ്ട, വാഴ്‌വിന്റെ ചിപ്പികളാണു നാം
സങ്കല്‍പസാന്ദ്രം കണക്കിന്നമൂര്‍ത്തമാം
ചിന്തകള്‍, വാക്കിന്‍ ത്രിശ്ശൂലങ്ങള്‍, നേരുകള്‍
നോവിന്‍ കയങ്ങളിലെന്നെയിന്നാഴ്ത്തവെ,
നീ മാത്രം, മാത്രകള്‍,ക്കര്‍ത്ഥങ്ങളേകുവാന്‍
കൈതട്ടി മാറ്റും വികാര വിക്ഷുബ്ധത
കൈ കോര്‍ത്തു നില്‍ക്കും നിഗൂഢ നിശ്ശബ്ദത
നമ്മിലകന്ന സമാന്തര രേഖകള്‍
തമ്മില്‍ കുരുങ്ങി മയങ്ങുന്ന ശാന്തത.
ജാലകച്ചില്ലുകള്‍ തെല്ലു തുറക്കുക
ജാതകദോഷങ്ങള്‍ തീര്‍ക്കട്ടെ കാറ്റുകള്‍..
പാട്ടു കേള്‍ക്കെ...
പാട്ടുകേള്‍ക്കെ,പ്പകയ്ക്കും ഞരമ്പുകള്‍
പൊട്ടി രക്തം പരക്കുന്നു, പാര്‍ക്കിലെ
ബഞ്ചിലെന്നും ശിരസ്സറ്റ രൂപങ്ങള്‍
നെഞ്ചിലാര്‍ക്കുന്നു ഭീതിതന്‍ പേക്കടല്‍
ഇല്ലെനിക്കൊരു പൊയ്മുഖം,കൂര്‍ത്തതാം
പല്ലുകള്‍ നീണ്ട നേര്‍മുഖം പോലുമേ..
നിന്റെ മുന്നില്‍ നിവര്‍ന്നു നിന്നാടുവാ-
നെന്റെ വേഷങ്ങള്‍, കണ്‍കെട്ടു മേളകള്‍
സ്വര്‍ണ്ണധൂമങ്ങളെന്റെ കോശാന്തര
വര്‍ണ്ണ,മാകെക്കുടിച്ചു ചീര്‍ത്തെങ്കിലും
അഗ്നിനാളങ്ങളെന്‍ ജീവകാഴ്ചകള്‍,
നഗ്നമാക്കിക്കരിച്ചു തീര്‍ത്തെങ്കിലും
ഉള്ളില്‍ നിന്നുമെന്‍ നിശ്വാസതാളങ്ങള്‍
തള്ളിനീക്കുന്ന കാലചക്രങ്ങളില്‍
കേന്ദ്രബിന്ദുവാ,യാരങ്ങളില്‍ നിന്റെ
സാന്ദ്രമൗനം മിടിക്കുന്നു നിത്യവും
കൊള്ളിവാക്കിന്‍ ചിരാന്ധമാം ജന്തുവിന്‍
കൊമ്പുകോര്‍ക്കെ,പ്പിടയ്ക്കു,മെന്‍പ്രാണനില്‍
ചേര്‍ത്തണയ്ക്കു നിന്‍ സിന്ദൂര കാന്തികള്‍
നേര്‍ത്ത ചുണ്ടാല്‍ തുടുക്കും പുലരിയും..
പ്ലാസ്റ്റിക്ക് ജീവിതം
തിളക്കമുള്ള ബാനറാണി,
തൊന്നു തൂക്കു കൈകളില്‍
ഒരെണ്ണ,മെന്റെ വണ്ടിയില്‍,
ഒന്നു നിന്റെ സഞ്ചിയില്‍
അതിന്റെയുള്ളില്‍ ഭാവിയും.
തെഴുക്കുവാന്‍ തലമുറയ്ക്കൊരുക്കി വച്ച ഭോജനം
വൃകോദരം മിടിക്കു,മാത്മനൊമ്പരപ്പൊരുളുകള്‍
ഹിമത്തണുപ്പെഴുന്ന നീര്‍
നുരഞ്ഞൊഴിഞ്ഞ കുപ്പികള്‍
ഗൃഹാതുരത്വഗന്ധമായ്
കറിപ്പൊടിക്കവറുകള്‍
മലക്കറി, മരുന്നുകള്‍, മറന്നുണര്‍ന്നൊരോര്‍മ്മകള്‍
പറിഞ്ഞുപോയ ചക്രവും തിരഞ്ഞുലഞ്ഞ തേരുകള്‍.
പറന്നുപോകു,മേടുകള്‍ നിറഞ്ഞ നിത്യ നിന്ദകള്‍,
ഉടുത്തൊരുങ്ങി വീടുകള്‍ തിരക്കിടുന്ന രാപ്പകല്‍.
പിരിഞ്ഞു പഞ്ചഭൂതമായ് ലയിച്ചിടാതെ മൂലയില്‍
കുമിഞ്ഞു കുമ്പസ്സാരഭാര,മേറ്റിടും കിനാവുകള്‍.
എന്റെ, നിന്റെ വര്‍ത്തമാന,മെഴുതി വച്ച സൂചിക
നാമുയര്‍ത്തി വീശുകീ വരേണ്യവര്‍ഗ്ഗ കാമന.
Sunday, December 24, 2006
സ്മൃതിസ്പര്‍ശങ്ങള്‍....
ചിരപരിചിതം സൌഹൃദം സാന്ത്വനം
തളിരിടും നേ,രൊരാജന്മ സൌഭഗം.
പഴയ കാര്യങ്ങള്‍ കണ്മുന്നി,ലെന്തൊരു
ഹൃദയഭാര,മീ സ്നേഹക്കൊടുമുടി.
നിലവിളിക്കുന്നു കാവല്‍കോശങ്ങളും
പലനിലയ്ക്കും പൊലിഞ്ഞ വേഷങ്ങളും.
സമയദൂരങ്ങള്‍തന്‍ വിളിപ്പാടുകള്‍-
ക്കകലെ, നാം സ്മൃതിസ്പര്‍ശമേളം ലയം.
തലയില്‍ ന്യൂറോണ്‍ ത്രിമാനാങ്കനങ്ങളില്‍
മലര്‍മണം, നിന്‍ മണിസ്വനം കാഴ്ചകള്‍.
കവിത, കാലാന്ത ശൂന്യസ്ഥലാന്തരം
കവിയു,മെത്ര പ്രകാശവര്‍ഷങ്ങള്‍തന്‍
സ്പന്ദതാളം, തുളച്ചു കേറുന്നു നീ
നൊന്തുരുകും ശിഥിലകലകളില്‍.
വറുതി വാട്ടും വ്യഥ, വരള്‍ക്കണ്ണുകള്‍,
തരുക- വാഴ്വിന്നദൃശ്യമാം രശ്മികള്‍..
കനവിനൊക്കെയു,മപ്പുറം നീറിടും
മന,മബോധം തുടിക്കുന്ന ബിന്ദുവില്‍
നിന്നു,മെന്‍ ബോധവൃത്തത്തിലേയ്ക്കു നീ
നെയ്തിടും സ്പര്‍ശരേഖകള്‍, മണ്ണിന്റെ
ഹരിത ദാഹം കടമെടുക്കുന്നുവോ...?
പകരമായ്, ജന്മജന്മാന്തര തപ-
സ്സാര്‍ദ്ര മൌനതരംഗസൌരഭ്യ, മീ-
ഗാഢചുംബനം, (സ്നേഹം തുടക്കത്തില്‍
വെറുതെ, സ്നേഹമായ്, പിന്നെ,യന
ന്തമാ,മനുഭവങ്ങള്‍, പരസ്പര,മാശ്രിതം
രേഖകളുടെ ജീവിത,മാത്മാവിന്‍
മേഖലകളില്‍ ) കോറുന്ന വാക്കുകള്‍...
യാത്ര
കാലം കരിന്തിരി കത്തുന്നു, ഭൂപാള-
കാലത്തിലെത്തുന്നു വാര്‍ദ്ധക്യ പീഡകള്‍.
പ്രണനിലുത്തരം താങ്ങുന്ന പല്ലികള്‍
കാണാത്ത കാഴ്ചയ്ക്കു സാക്ഷിക്കുറിപ്പുകള്‍.
നോവിന്‍ തമോഗര്‍ത്ത പദ്മവ്യൂഹങ്ങളില്‍
കൈനേട്ട,മാദര്‍ശവാങ്മയം ദര്‍ശനം.
നീയെനി,ക്കാരെന്റെ ശൂന്യസ്ഥലികളി-
ലൂയലാടും നവ്യരാഗം വിരാഗവും.
അര്‍ദ്ധബോധത്തിലടുത്തിരുന്നെന്തിലും
വ്യര്‍ത്ഥതാബിംബം മെനെഞ്ഞെടുത്തെന്നിലും
കേവലാനന്ദം ജഡത്വമോഹം ദ്രുതം
തീവെള്ളമേകി വളര്‍ത്തും വികാരങ്ങള്‍..
നീയെനിക്കുണ്മ,യെന്‍ വ്യാമോഹവ്യായാമ-
ശാലയില്‍ യന്ത്രപ്രകര്‍ഷം സ്വേദം രതം.
പച്ചയും കത്തിയും വിഡ്ഢിവേഷങ്ങളും
മച്ചകക്കോണില്‍ തളര്‍ന്നുറങ്ങുമ്പൊഴും
കേളികൊട്ടിന്നും മുഴക്കുന്ന ഭൂതവും
കാളിമ തിങ്ങി,ക്കറുക്കുമെ,ന്നോര്‍മ്മയും
പേ പിടിച്ചോടുന്നു,വര്‍ത്തമാനങ്ങളില്‍
കാല്‍ തട്ടി വീഴുന്നു, നിദ്രാന്തര വ്യഥ
ഞെട്ടു,മുണര്‍വ്വിന്‍ കരങ്ങളി,ലാരക്ത-
മൊട്ടിപ്പിടിക്കുന്നു ശൂന്യ,മാവര്‍ത്തനം.
അജ്ഞാത,മേതോ നിതാന്ത സൌഭാഗ്യമായ്
പ്രജ്ഞയിലാഴും പഴുപ്പിച്ച സൂചിപോല്‍
സ്വപ്നത്തിലും ശിരോരേഖ പിളര്‍ന്നെന്റെ
നെഞ്ചിലേ,ക്കാഴ്ന്നിടും വാള്‍മുനത്തുമ്പുപോല്‍
എങ്ങു,മുണ്ടെന്നു,മുണ്ടേകാന്ത ഗഹ്വരം
തിങ്ങും വിരഹമായ്, നീ,യെനിക്കുണ്മയായ്
എങ്കിലും നീയെനിക്കന്യ, നിഴല്‍നൃത്ത-
രംഗം രചിക്കു,വോളെന്നിലും നിന്നിലും.
പ്രേതക്കിനാവിന്‍ നിരാലംബശയ്യകള്‍
പാതിരാക്കച്ച, ശുഷ്ക്ക താളം നിഷേധം
മാംസപിണ്ഡം ക്ഷുദ്രദാഹം മഥിക്കുന്നു
ശ്വാസനാളം സ്വപ്നമൂര്‍ച്ഛ മുറിക്കുന്നു.
നാം രണ്ടു പേ,രന്നു കല്പാന്തകാല വി-
നാശങ്ങള്‍ കണ്ടവര്‍, കണ്‍കളിലശ്രുവായ്
ദുഃഖം നിറച്ചവര്‍, ചുറ്റും പ്രളയാംബു
നൃത്തം ചവിട്ടവെ, മന്വന്തരങ്ങള്‍ക്കു-
പാപഭാരങ്ങളെ ഗര്‍ഭം ധരിക്കുവാന്‍
പാപക്കനികളെ കട്ടു ഭുജിച്ചവര്‍
ജന്മാന്തരങ്ങള്‍തന്‍ കര്‍മ്മചക്രങ്ങളില്‍
നന്മയും തിന്മയും കൂടിക്കുഴയവെ,
പണ്ടു, നിന്‍ വിക്ഷുബ്ധ ചിന്തയാം കുന്തള-
ക്കെ,ട്ടഴിഞ്ഞൂര്‍ന്ന നിശീഥങ്ങള്‍, മാനവ-
രക്തം നനച്ചൊരെന്‍ ഹസ്തങ്ങളാലവ
കെട്ടിയൊരുക്കി നാം, തമ്മില്‍ പിരിഞ്ഞ പൊന്‍-
നാഗങ്ങളായ് പാതി ദേഹമാ,യാത്മാവി-
ലാനന്ദ നൃത്തം നടത്തി,ത്തളര്‍ന്നു നാം.
വാക്കിന്‍ നിഗൂഢാര്‍ത്ഥ സഞ്ചയം നമ്മളില്‍
തീക്കൊള്ളികൊണ്ടു വ്രണം നിറച്ചപ്പൊഴും
നാഡിയി,ലാശ്വാസ വാക്കുകളഗ്നിയായ്
പീഡ നിരന്തര ശീതളജ്വാലയും.
കാലം ഗ്രസിക്കെയെ,ന്നൂര്‍ജ്ജവീര്യങ്ങളെ,
നീലാംബരത്തിലെയര്‍ക്കനെ, ഭൂമിയെ,
അല്ലിന്നബോധത്തിലാണ്ട ദര്‍പ്പങ്ങളെ,
കല്ലായുറഞ്ഞ മനസ്സുമായ് മൃത്യുവില്‍
ശ്രാന്തഭാവങ്ങളടക്കവാന്‍ നമ്മള്‍ക്കു
വീണ്ടും പ്രയാണം തുടങ്ങാം, വിലാപങ്ങ-
ളീഷലിന്‍ വില്ലു കുലയ്ക്കട്ടെ, വീഥിയില്‍
പാഷാണ,മല്ലന്ത്യ ഗേഹം, പരാതികള്‍
പാതകള്‍ മൂടും തമസ്സിലെന്‍ കാഴ്ചയ്ക്കു
നീതിയും പ്രജ്ഞതന്‍ പഞ്ചകോശങ്ങളും
കത്തിയടങ്ങും കപാലത്തിലിറ്റുവാന്‍
കണ്ണീര്‍ക്കണങ്ങളും ബാക്കിവച്ചേക്കുക..
വേനലാണു്......
വേനലാണു്......
മനസ്സിലും വരള്‍ച്ച
ചിന്തകളില്‍ വിണ്ടൂകീറുന്ന വയല്‍ നിരകള്‍
ഇലകളെല്ലാം കൊഴിഞ്ഞു്
ശുഷ്കിച്ച തൊലിയുമായി
ആകാശത്തിലേയ്ക്കു്
കൈകളുയര്‍ത്തി നില്‍ക്കുന്ന സ്വപ്നങ്ങള്‍..
ഇളം കാറ്റിലും
ഇളകിയുയരുന്ന പൊടിപടലങ്ങള്‍
ചെറിയൊരു തീപ്പൊരി-
-----പുല്‍മേടുകളികളില്‍ അഗ്നികമ്പളം
കനല്‍ക്കട്ടകള്‍
വാക്കിന്‍
കനല്‍ക്കട്ട പൊള്ളുന്നു
നാളങ്ങളാളുന്നു
കത്തുന്ന മണ്ണിന്റെയാത്മാവില്‍
നീര്‍ വീഴ്ത്തുവാന്‍
മേലെ മേഘങ്ങളെത്തുന്നു
ഇപ്പോഴുമേതോ വികാരം തുടിക്കും
ഇലപ്പച്ച വേറിട്ടു കാണാം
മിഴിക്കോണു മിന്നിത്തിളങ്ങുന്നു
വാക്കിന്‍ കനല്‍ക്കട്ട പൊള്ളുന്നു
നാളങ്ങളാളുന്നു
2
നിന്‍ മന്ദഹാസക്കഠാരത്തിളക്കങ്ങളെന്‍
കണ്ണു കുത്തിത്തുളയ്ക്കുന്നു
നീളുന്നു,
ആഴത്തിലോരോ ഞരമ്പും
മുറിച്ചാഴ്‌ന്നിറങ്ങുന്നു.
വാക്കിന്‍ ജ്വലിക്കും കനല്ക്കട്ടമേല്വച്ചതിന്
തുണ്ടരക്കായുരുക്കുന്നു,
ഒരോമല്‍ക്കിനാവിന്റെ
രൂപങ്ങള്‍ തീര്‍ക്കു-
ന്നൊരുക്കു,ന്നൊടുങ്ങാത്തൊരെന്‍ മൂകത-
യ്ക്കര്‍ത്ഥബോധങ്ങളൂതിത്തെളിക്കുന്നു
3
നീ കണ്ണിമയ്ക്കാതെ നോക്കൂ
മറയ്ക്കുന്ന മഞ്ഞിന്‍ പുതപ്പൊന്നു നീക്കൂ
നിരപ്പുള്ളൊരിത്താണ ഭൂമിയ്കുമേ-
ലാത്മമിത്രങ്ങള്‍,(ശത്രുക്കളും)
നൃത്തമാടിത്തകര്‍ക്കുന്നു
കാലൊച്ചപോലും
ഭയാക്രാന്ദനെന്നെക്കടന്നാക്രമിക്കുന്നു
രക്തം തെറിക്കുന്നു
4
വീട്ടിന്നകത്തെസ്സ്വകാര്യത്തില്‍ നീ
നിന്‍ ചെടിപ്പും മടുപ്പും മറക്കാ-
നുടുപ്പൊക്കെ,യോരോന്നഴിക്കുന്ന നേരത്ത്
കണ്ണാടി,യേതോ നിഴല്‍ത്തീയി-
ലാകെ വിറയ്ക്കുന്നു
നാണം ഞടുങ്ങുന്നു
ഞെട്ടിത്തിരിഞ്ഞൂ
തെരെഞ്ഞൊന്നു നോക്കുന്നതിന്‍
മുന്‍പതാരെന്നറിഞ്ഞൂ
കരള്‍ക്കാമ്പിലേതോ തിരക്കോളിളക്കം
തിരക്കുന്നു നീയുണ്മ
5
തീജ്ജ്വാല തത്തിക്കളിക്കുന്നു
നീയിന്ദ്രചാപം കുലയ്ക്കുന്നു
നീയിന്ദ്രജാലം ചമയ്ക്കുന്നു
വാഴ്‌വിന്റെ കോലങ്ങള്‍ കെട്ടുന്നു
നിശ്ശബ്ദശങ്കാവിഷാദം നിശീഥങ്ങ,ളേകാന്ത യാമങ്ങ-
ളെന്നൊപ്പ,മാടുന്നു.
Saturday, December 23, 2006
നമുക്കു സ്നേഹത്തില്‍ കുളിച്ചിടാം....
മുഷിഞ്ഞ വസ്ത്രങ്ങളുരിഞ്ഞു മാറ്റുക
വിഷക്കറയൂറി നിറഞ്ഞതെങ്കിലും
തണുത്ത വെള്ളത്തിലുലച്ചെടുക്കുക
കഴിഞ്ഞ കാലത്തിന്‍
മടുപ്പുകളൊക്കെ
കുതിര്‍ന്നലിയട്ടെ
ഒരിറ്റു നീരിനായ് കരയും പൈപ്പു
നാം തുറക്കേണ്ട
പത്രം നിറയ്ക്കുവാനെന്തെ
മിഴിനീരില്ലെന്നോ
ചുരുട്ടി മുഷ്ടികളുശിരോടെ വീശി
വിളിച്ചതിന്‍ ഫലംവെറുതെയായല്ലൊ
കുളങ്ങള്‍, തോടുകള്‍
കിണറുക-
ളൊക്കെ മറഞ്ഞുപോയ്
ഭൂതകഥകളിലെങ്ങോ...
നമുക്കു കോരുവാ-
നൊരുനാളുംതീരാതുറവിടും ദുഃഖം
കരളിലുണ്ടല്ലൊ
വെളുത്ത മേലാളര്‍ വിദഗ്ദ്ധഹസ്തത്താല്‍
വിതയ്ക്കും സൗന്ദര്യ നരക ചൂഷണം
കഴുകി നീക്കുക
അവയവം തോറും
സ്വതന്ത്ര ഭാവങ്ങള്‍
പതഞ്ഞു പൊങ്ങട്ടെ
കുമിള പോകട്ടെ
തുടയ്ക്കുക ദേഹം
നിശിത സത്യങ്ങള്‍
കണിയൊരുക്കുന്നു
വിയര്‍ക്കുന്നോ
നോക്കൂ
വിയര്‍പ്പിന്‍ ഗന്ധത്തില്‍
കുരുത്തിടും സ്നേഹം
വിലയെഴുന്നതായതൊന്നുമാത്രം
വരൂ
വെളിച്ചം നമ്മുടെവരവു കാക്കുന്നു
നമുക്കു സ്നേഹത്തില്‍ കുളിച്ചിറങ്ങിടാം
നീ യാത്രയാകുന്നുവെന്നോ...
നീ യാത്രയാകുന്നുവെന്നോ......
പോയകാലത്തിന്‍ വിഴുപ്പുഭാണ്ഡം
തോളിനായാസമാക്കാതെ,
ഉറങ്ങും പഴംപാട്ടിനായൊട്ടു
കാതോര്‍ത്തു നില്‍ക്കാതെ,
നേര്‍ത്ത നിലാവി,ന്നിലച്ചിന്തിലെ
പൊട്ടു തൊട്ട്,
മുഴങ്ങുന്ന മൗനമന്ത്രങ്ങള്‍
തൊട്ടുണര്‍ത്തും
വികാരം മറയ്ക്കാനിരുള്‍പ്പട്ടു മൂടി
പ്രഭാതം ജ്വലിക്കും കനല്‍ക്കട്ട നീട്ടി
നിന്മുഖം മൂടി ചീന്തവെ,
ഞെട്ടാതെ പുല്‍നാമ്പുകള്‍ പോല്‍ വിറയ്ക്കാതെ,
കണ്ണീരൊഴുക്കാതെ, നില്‍ക്കാതെ,
ഉള്‍ക്കെട്ടു പൊട്ടാതെ,
അനന്തമാം കര്‍മ്മയുദ്ധങ്ങളില്‍
ആത്മഭാവങ്ങളെ ദാനം കൊടുക്കുവാന്‍
ആത്മാവില്‍ നിന്നു
നീ യാത്രയാകുന്നുവെന്നോ...
നീ...
യാത്രയാകുന്നുവെന്നോ...
മുറി
നാലു ഭിത്തിയിലും കൂടി
രണ്ടു ജന്നാല മാത്രം
ഒരു വാതില്‍ ,
മേലെ മച്ച് വാര്‍ത്തിരിക്കുന്നു.
കറങ്ങാത്ത പങ്ക,
വേനലും മഴയും മഞ്ഞും
മുറിക്കുള്ളില്‍ വീര്‍പ്പു മുട്ടുന്നു.
ചുമരരുകില്‍ മേശ,
നിറയെ പാടുകള്‍ ,
കസേരയില്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍
അലമാരിയിലെ കണ്ണാടിയില്‍
തെറ്റും ശരിയും ചിരിക്കുന്നു
അയല്‍വീട്ടിലെ വെളിച്ചം
വഴിവിളക്കിന്റെ മിന്നാമിനുങ്ങുകള്‍ക്കൊപ്പം
അകത്തേക്കെത്തിനോക്കുന്നു
മങ്ങി മങ്ങി കത്തുന്ന മണ്ണെണ്ണ വിളക്ക്
കവിത കാത്തിരിക്കുന്നു
കനത്ത മൂകത
പ്ലൈവുഡിലുള്ള ഇരട്ടക്കട്ടില്‍
റബ്ബറും ചകിരിയും നിറച്ച മെത്ത
ചോരയുടെ ചൂടും ചൂരും മറഞ്ഞ
മജ്ജയും മാംസവും
തലയിണയില്‍ മുഖമമര്‍ത്തിക്കിടക്കുന്നു
ഓര്‍മ്മകള്‍
ഉടുതുണിയുരിഞ്ഞു പുതയ്ക്കുന്നു
വിസ്മൃതി
വിറങ്ങലിച്ച ദാരിദ്ര്യ യാമം
അക്ഷരങ്ങള്‍
കറുത്ത മേഘങ്ങളായി
മേശപ്പുറത്ത് അടിഞ്ഞു കൂടുന്നു
പുക മൂടിയ സ്വാസകോശങ്ങളില്‍
വൈദ്യുതിപ്രവാഹം നിലയ്ക്കുന്നു
കണ്ണടയഴിച്ചു മാറ്റിയ
തണുത്ത നോട്ടം
ജാലകച്ചില്ലില്‍ ഇടിച്ചു തകരുന്നു
ധൂമകേതുവിന്റെ അവസാനതരിയും എരിഞ്ഞു തീരുന്നു
തെരുവില്‍ നിന്നും
വേഗങ്ങളുടെ
മഞ്ഞക്കണ്ണുകള്‍ തുറിക്കുന്നു
വിളക്കുകാലില്‍ മൂത്രമൊഴിക്കുന്ന നായ
നിലാവിന്റെ മുഖത്തു നോക്കി മോങ്ങുന്നു
മുറിക്കുള്ളില്‍ രൂപങ്ങള്‍ പലതായി
മുറിയുന്നു
പുറത്ത് നിലാവുദിച്ചിട്ടേയുള്ളു
മുറിയിലേക്കതരിച്ചെത്തിയേക്കാം
Friday, December 22, 2006
ഭാഷ്യം
Thursday, December 21, 2006
ഞാന്‍....
ഇനിയൊരിക്കലും
തിരിച്ചു കിട്ടാത്ത വിധം കൈമോശം വന്ന ജീവിതം...
ചില കടമകള്‍ തീര്‍ക്കാന്‍ മാത്രം
ബാക്കി നില്‍ക്കുന്ന പ്രാണന്‍
കവിതകള്‍
കൂടെ നടക്കാന്‍
സ്വന്തം നിഴലെങ്കിലും കാണുമെന്ന തോന്നല്‍
കാറ്റടിച്ചു പറന്നു പൊയതല്ല
സന്തോഷത്തിന്റെ സുര്യ വേളിച്ചം
സ്വാര്‍ത്ഥ കാര്‍മേഘങ്ങള്‍ക്കപ്പുറം
മറഞ്ഞതു കൊണ്ടോ മറച്ചതു കൊണ്ടോ ആകാം
ഇതിനിടയില്‍ ഒത്തിരിപ്പേരെ സ്നേഹിച്ചു.
അതിനേക്കാളേറെയാളുകള്‍
ഇപ്പോഴും എന്നെ സ്നേഹിക്കുന്നു..
അവരടുത്തില്ലെങ്കിലും
ആ സ്നേഹം
എന്നെ ഇനിയും വളരെ ദൂരം
താങ്ങി നടത്തും..
വേണം
Wednesday, December 20, 2006
ടിയാനന്‍മെന്‍ ചത്വരം
1
ഉത്തരദേശം ടിയാനന്‍മെന്‍ ചത്വരം
വിദ്യാര്‍ത്ഥിവര്‍ഗ്ഗ സമര രംഗം
ചെങ്കൊടിയേന്തിക്കൊ,ണ്ടവിടെത്തിച്ചീനതന്‍
തങ്കക്കുടങ്ങളാമായിരങ്ങള്‍
അഴിമതി,യേകാധിപത്യങ്ങളെന്നിവ-
യൊഴിയണം സ്വച്ഛത വന്നിടേണം
ഭരണത്തില്‍ ജനതയും പങ്കാളിയാകണം
പരതുകയാണവര്‍ പോംവഴികള്‍
ഒരു നാടിന്‍ ഭാവി വാഗ്ദാനങ്ങളാണവര്‍
പൊരുതും യുവജന കേസരികള്‍
സത്യ,മഹിംസകള്‍ കൈവെടിയാത്തവര്‍
സത്യാഗ്രഹത്തെ സ്വയംവരിച്ചോര്‍
വിണ്ണിലും സ്വപ്നങ്ങ,ളഞ്ജനം ചാര്‍ത്തിയ
കണ്ണിലും പുഞ്ചിരി പൂത്തിരുന്നൂ
പ്രേമാര്‍ദ്ര ചിത്തങ്ങള്‍ ഭാവിതന്‍ സങ്കല്‍പ-
സീമകള്‍ വാക്കാല്‍ വരച്ചിരുന്നൂ
സന്തോഷ,മലതല്ലു,മന്തരീക്ഷം വരും
സന്താപ,മാരു,മറിഞ്ഞതില്ല
അല്ലെങ്കിലാരുണ്ടറിയുന്നു പാരിതി-
ലല്ല,ലിങ്ങെത്തിടും ഗൂഢമാര്‍ഗ്ഗം
2
പെട്ടെന്നു ദിക്കുകളെട്ടും നടുക്കുന്നു
പൊട്ടുന്ന പട്ടാളത്തുപ്പാക്കികള്‍
വിരിമാറില്‍ സ്വപ്നം തുടിച്ചു നില്‍ക്കുന്നതാം
നിറമാറില്‍ വെടിയുണ്ട പാഞ്ഞു കേറി
വീണ, കടുന്തുടി, വില്ലുകളേന്തിടും
പാണികള്‍ ചിന്നിച്ചിതറി വീണൂ
വെട്ടേറ്റ വാഴപോലെമ്പാടും ദീനമായ്
ഞെട്ടറ്റ പൂക്കള്‍ പിടഞ്ഞു വീണു
അതുകണ്ടു ഞെട്ടിത്തരിച്ചുപോയ് ഹിമവാന്റെ
മുതുകിലെ മഞ്ഞിന്‍ കണിക പോലും
അതുവഴി പോകും പറവയും കാറ്റുമ-
ന്നതു കണ്ടു ദൂരെയൊളിച്ചു വേഗം
ക്രൂരതയാരിതു ചെയ്തു കുപിതനായ്
സൂര്യന്‍ മുകളില്‍ തുറിച്ചു നോക്കി
ഒരു കല്ലുപോലുമെറിയാത്ത കുട്ടിക-
ളരുമകളവരെന്തു തെറ്റു ചെയ്തു..?
കരുണതന്‍ തെളിനീരുറവകളകതാരില്‍
കരുതു,മുലകിലെ കവികളെല്ലാം
കമ്മ്യൂണിസത്തിന്‍ പുരോഹിതര്‍ ചെയ്തൊരീ
ഹത്യയെ പാര,മപലപിക്കെ
മന,മലിഞ്ഞവരുടെ കണ്ണുനീരൊപ്പുവാന്‍
ജനകീയ കവികളെ കണ്ടതില്ല
കവികള്‍തന്‍ തൂലികയെന്തേ,യനങ്ങാഞ്ഞു
അവരുടെ കൈയ്യിലും ചങ്ങലയോ...?
3
നവയുഗശക്തികള്‍ കര്‍മ്മവിമുഖമായ്
നടുവഴിതന്നിലിറങ്ങി നില്‍ക്കാന്‍
അര നിമിഷത്തിന്റെ ശക്തിപ്രകടന-
ത്തിരയടി കണ്ടു മയങ്ങി നില്‍ക്കാന്‍
എന്തെന്നു,മേതെന്നും തിരയുന്നോരക്ഷികള്‍
ചിന്തകള്‍ ക്ഷാളനം ചെയ്തു ചെയ്ത്
കമ്മ്യൂണിസത്തിന്‍ വരണ്ടവാദങ്ങള്‍ത-
ന്നന്ധത തിങ്ങു,മകത്തളത്തില്‍
തിരുമേനിമാരുടെ,യാന്തരദ്വന്ദ്വങ്ങള്‍
പൊരുളേറൂം വേദവാക്യങ്ങളായി
അടിയാളരെന്നു,മുരുക്കഴിച്ചീടുവാ-
നടിമകളായിത്തുടര്‍ന്നു പോരാന്‍
ഇളവറ്റ പുതിയൊരു ചങ്ങല തീര്‍ത്തുകൊ-
ണ്ടിളമുറക്കാരെ,ത്തളച്ചു നിര്‍ത്തീ
തിരുകുക തൊപ്പിയില്‍ തൂവ്വലിതെന്നവ-
രരുളവെ, മേലാളര്‍ നേതാക്കന്മാര്‍
കവിയു,മടിമത്ത ബോധത്താല്‍ ജനകീയ-
കവികളും കൈവിലങ്ങിട്ടിടുന്നൂ...
4
ഉണരുമീ നാട്ടിന്‍ യുവജനശക്തിക-
ളുയരാനനുവദിക്കാതൊതുക്കാന്‍
യുഗയുഗ സഞ്ചയ വിജ്ഞാന സമ്പത്തി-
കാണാതകറ്റി നിര്‍ത്താന്‍
നെടുതായിട്ടൊരു കോട്ട കെട്ടുവാന്‍ കോപ്പീട്ടു
പടു വൃദ്ധ നേതൃത്വ,മെന്റെ നാട്ടില്‍
അതിലണി ചേരാത്തോ,രരിയ സ്വാതന്ത്ര്യത്തിന്‍
കണ്ടു കൈകൂപ്പി നില്‍ക്കെ
അവരുടെ ചുടു ചോരയിലാറാടീ ചെങ്കൊടികള്‍
കവലകള്‍ തോറും കുരുതിയേകി
അവരുടെ,യച്ഛനു,മമ്മയു,മവരുടെ-
യവസാനമില്ലാത്ത കണ്ണുനീരും
അറുതിയെഴാതെ കുമിഞ്ഞ ദുഃഖങ്ങളും
വറുതിതന്‍ വറ്റാത്ത കയ്പുനീരും
കണ്ടിട്ടും കാണാതറിയാത്ത ഭാവത്തില്‍
മണ്ടീയൊളിക്കുന്നു കശ്മലന്മാര്‍
പുതിയൊരു കൊടി കണ്ടാലുടനതു കീറുവാന്‍
കുതി കൊള്ളും രാഷ്ട്രീയക്കോമരങ്ങള്‍
അവര്‍ തീര്‍ത്ത കോട്ടയിലിന്നത്തെ ജനകീയ-
കവികളും പാറാവു നിന്നിടുന്നൂ
5
പഴകി ജീര്‍ണ്ണിച്ചൊരാ പ്രത്യയ ശാസ്ത്രത്തിന്‍
കഴുകുകള്‍ വട്ടമിട്ടെത്തിടുമ്പോള്‍
ജനകീയമെന്നു പേര്‍ ചൊല്ലിക്കൊണ്ടവരിന്നും
ജനതയ്ക്കു മുന്നില്‍ കൈ നീട്ടിടുമ്പോള്‍
ചങ്ങല വീണൊരാക്കൈകളില്‍ നോക്കിക്കൊ-
ണ്ടിങ്ങനെ,യെന്‍ നാടു ഗര്‍ജ്ജിക്കുന്നൂ
"ജനകീയമെന്നു പേര്‍ ചൊല്ലിക്കൊണ്ടിവിടത്തെ
ജനതയെ വഞ്ചിക്കാന്‍ നോക്കിടേണ്ടാ..."
Monday, December 18, 2006
രാമ, നിന്നെക്കുറിച്ചച്ഛനോര്‍ക്കുന്നൂ
രാമ, നിന്നെക്കുറിച്ചച്ഛനോര്‍ക്കുന്നൂ
പണ്ടെന്റെ,യുള്ളിലൊരോമല്‍ക്കിനാവായി
നിന്നമ്മ, ഋതുക്കള്‍, വികാരങ്ങള്‍, കാല-
ചക്രത്തിന്റെ നാഡീദലങ്ങള്‍, ഞങ്ങള്‍
പൊയ്ക്കാലിലാടും വ്യഥാവൃത്തനര്‍ത്തനം
കാവല്‍കോശങ്ങളെച്ചുറ്റിപ്പിണഞ്ഞേല്‍ക്കു-
മാത്മനാഗങ്ങള്‍ക്കു മഞ്ഞള്‍ക്കളംപാട്ടു-
മേളങ്ങള്‍, തോരണങ്ങള്‍, തൊട്ടില്‍ സുതാര്യ-
നോവിന്നനാദ്യന്ത സങ്കല്‍പസഞ്ചയം
രാമ, നിന്നെക്കുറിച്ചച്ഛനോര്‍ക്കുന്നൂ
നീ വിരിഞ്ഞൂ, വിണ്ണിലെത്താരനേര്‍മിഴി-
ക്കോണിലെ,നീര്‍ത്തിളക്കം, ജീവസഫല്യ-
മിപ്പൂര്‍ണ്ണ കുംഭം, ഉണര്‍വ്വിന്നസ്തിത്വ,മാ-
മെന്‍കുഞ്ഞു-നീ-കൈകാലിളക്കി,ക്കളിക്കെ
"നോക്കുനോക്കു"-കെന്നേറു,മുള്‍പ്പുളകങ്ങ-
ളാലമ്മ,യെന്‍ കൈപിടിച്ചാ വയറോടു
ചേര്‍ക്കുന്നു-നമ്മള്‍ പരസ്പരം ബന്ധിതര്‍
കേവല ചൈതന്യസാരസര്‍വ്വസ്വമാം
രാമ, നിന്നെക്കുറിച്ചച്ഛനോര്‍ക്കുന്നൂ
നി ചിരിക്കുമ്പോള്‍, ചിരിപ്പൂ പുലരികള്‍
നീ ചിണുങ്ങുമ്പോള്‍, കലമ്പുന്നു കാറ്റുകള്‍
നീയെന്റെ സിന്ദൂരസ്വപ്നവര്‍ണ്ണം, രാമ
നീ,യമ്മതന്‍ വാത്സല്യ ദുഗ്ദ്ധപ്രകര്‍ഷം
നീ, രാമ, ജീവിതാരാമ കാന്തി, ശോക-
നീലാഭ നീക്കീടു,മാനന്ദ വാനൊളി
നീയേകു നിത്യം നിരാനന്ദ നിര്‍വൃതി
നീയെന്റെ,യുണ്മത,ന്നാന്തരാര്‍ത്ഥം
രാമ, നിന്നെക്കുറിച്ചച്ഛനോര്‍ക്കുന്നൂ
Sunday, December 17, 2006
സരയുവൊഴുകുന്നൂ...
ശത്രു നിരകള്‍ രാമമന്ദിരം
തച്ചുടയ്ക്കുമ്പോള്‍
പണ്ടുരാമനെയേറ്റു വാങ്ങിയ
സരയു കരയുന്നൂ
രാമഭക്തര്‍ അരികളോട-
ങ്ങേറ്റു നേടുന്നൂ
രാമ ഭക്തി കലര്‍ന്നു മന്ദിര-
മോടി കൂട്ടീടാന്‍
രാഷ്ട്രമേറ്റ കളങ്കമങ്ങനെ
തൂത്തു മാറ്റീടാന്‍
രാഷ്ട്രമൊറ്റ മനസ്സുമായുട-
നുണര്‍ന്നേല്‍ക്കുമ്പോള്‍
കപട വേഷമണിഞ്ഞു നിങ്ങള്‍
വന്നെതിര്‍ക്കുന്നൂ
കരള്‍ കലങ്ങി വിതുമ്പി വീണ്ടും
സരയുവൊഴുകുന്നൂ
"സ്വര്‍ഗ്ഗമെന്തിനു പുണ്യഭാരത
ഭൂമിയുള്ളപ്പോള്‍..?"
സര്‍ഗ്ഗചേതന മന്ത്രമധുരം
പാടിടുന്നോരും
ദര്‍ശനാകാംക്ഷാഭരിതം
അമ്മ, സോദരിയും
ഭജന കീര്‍ത്തന താളഭംഗി-
കളേകി മുനിമാരും
ഇവരിലാരും ശത്രുവല്ലെ-
ന്നറിയുമെന്നിട്ടും
ഇവരെ നിങ്ങള്‍ ലാത്തി തോക്കാല്‍
നിന്നെതിര്‍ക്കുന്നൂ
മണലിലാകെച്ചുടു ചോര-
ച്ചാലു കീറുന്നൂ
കരളില്‍ രോഷമുനര്‍ന്ന മാനവ
സരയുവൊഴുകുന്നൂ
വീര തനയര്‍ ക്ഷേത്രമുറ്റം
പൂകിടേണ്ടെന്നായ്
വീഥി തോറും വേലി കെട്ടി
നിങ്ങള്‍ തടയുന്നൂ
യാത്ര ദുര്‍ഘട പൂര്‍ണ്ണമാക്കി
നിങ്ങള്‍ മാറ്റുന്നൂ
മാത്രതോറു,മേറുമവരെ-
ത്തടവിലാക്കുന്നൂ
വിഘ്നമൊടുവില്‍ തട്ടി നീക്കി
രാമസേവകരായ്
വന്നു ചേര്‍ന്നവര്‍ ക്ഷേത്രമുകളില്‍
ധ്വജമുയര്‍ത്തുന്നൂ
ഞെട്ടി നിങ്ങളവര്‍ക്കുനേരെ
നിറയൊഴിക്കുന്നൂ
കരളലിഞ്ഞു വിതുമ്പി ശാന്തം
സരയുവോഴുകുന്നൂ
ഉത്‌ക്കടാവേശം തുടിക്കും
കുടിലെരിക്കുന്നൂ
മനം നീറിപ്പുകയുവോരെ-
പ്പിടിച്ചിറക്കുന്നൂ
പുത്ര ദുഃഖം നെഞ്ചിലേറ്റും
സ്നേഹവാത്സല്യം
ഇഷ്ടതോഴരെ,യോര്‍ത്തു കരയും
വ്യഥിത ഹൃദയങ്ങള്‍
ജ്യേഷ്ട,നനുജന്മാര്‍ക്കു രക്ത-
തിലകമണിയിപ്പോര്‍
ശ്രേഷ്ട ലക്ഷ്യ,മൊരെണ്ണ,മുള്ളില്‍
കാത്തു സൂക്ഷിപ്പോര്‍
അവരെ നിങ്ങള്‍ നീചനീചം
ഹനിക്കുമ്പോഴും
കടലിരമ്പും വീര്യമോടെ
സരയുവൊഴുകുന്നൂ
ചാക്കിനുള്ളില്‍ മൃതശരീരം
നിങ്ങള്‍ കെട്ടുന്നൂ
രാത്രിയിരുളിന്‍ മറവിലായവ
നദിയിലാഴ്ത്തുന്നൂ
പുലരിയില്‍ പുതു പുണ്യമാര്‍ന്നവ
പൊങ്ങിയൊഴുകുമ്പോള്‍
മലരുകള്‍ ബലിവേദിയില്‍ സ്വയ-
മുണ്മ തിരയുന്നൂ
ആദരാഞ്ജലിയേകിടുന്ന
ധന്യ നിമിഷങ്ങള്‍
ആര്‍ത്തിരമ്പും കോപ,മഖിലം
രാമനാമത്താല്‍
കഴുകിടുമ്പോള്‍ നിങ്ങളെത്തി
നിറയൊഴിക്കുന്നൂ
കരള്‍ പിടഞ്ഞു പൊടിഞ്ഞു വീണ്ടും
സരയുവൊഴുകുന്നൂ
നിറതോക്കിന്‍ തണലില്‍ നിങ്ങടെ-
യധമ ധിക്കാരം
ജനവികാരം കെടുത്തീടാ-
നാഞ്ഞു വീശുമ്പോള്‍
ഒന്നു നൂറായ് രാഷ്ട്രസേവക-
രണി നിരക്കുന്നൂ
ചക്രവാളം തിങ്ങി നിറയും
തിരകളുണരുന്നൂ
നിങ്ങള്‍ കെട്ടിയ കോട്ട കോത്തള-
മൊക്കെയിടിയുന്നൂ
നിങ്ങളാടിയുലഞ്ഞു വീഴും
ദിനവുമെത്തുന്നൂ
അരുണധ്വജമൊന്നിളം കാറ്റില്‍
പാറി നില്‍ക്കുന്നൂ
കരളുണര്‍ത്തും തുയിലു പാട്ടായ്
സരയുവൊഴുകുന്നൂ
പോകയോ ദേവീ.....
പോകയോ ദേവി, നീ,യെന്നിലനന്തമാം
പാപബോധത്തിന്നിരുള്‍ നിറയ്ക്കാന്‍
പൂക്കളം മായുന്നു, പൂക്കളും വാടുന്നു
വന്‍കടല്‍ തേങ്ങിക്കരഞ്ഞിടുന്നു
കാടുകള്‍ വെട്ടിത്തെളിക്കുന്നു, കുറ്റികള്‍
തീക്കണ്ണുരുട്ടുന്ന ശ്യാമഗര്‍ത്തം
കാരാഗൃഹം കരിങ്കല്ലിനാല്‍ ചുറ്റിലു-
മേകാന്ത ശിക്ഷയൊരുക്കിടുന്നു
മേലെയാകാശവും മൂടിക്കറുക്കുന്നു
മേല്‍ക്കൂരയാം വിഷധൂളി സാന്ദ്രം
പോകയോ ദേവി, നീ,യെന്നെയിങ്ങീവിധം
മൂകനാം സാക്ഷിയായ് മാറ്റിനിര്‍ത്തി
താഴുകളേഴിന്‍ വിലക്കുകള്‍ തീര്‍ത്തൊരു
മാളിക തട്ടിത്തകര്‍ത്തുകൊണ്ടേ
സംവത്സരങ്ങളുറങ്ങിക്കിടന്നൊരു
സത്തകള്‍ മൂരി നിവര്‍ത്തിടുന്നൂ
വസ്ത്രം മറയ്ക്കാ മനസ്സിലും സത്യങ്ങ-
ളസ്ത്രമായാഞ്ഞു പതിച്ചിടുന്നു
നമ്മുടെ യാത്ര പഥങ്ങളിന്നായിരം
മുള്ളുകളോര്‍മ്മയിലാഴ്ത്തിടുന്നു
പോകയോ ദേവി, നീ,യെന്നിലനന്തമാം
പോയകാലത്തിന്റെ ഭാരമേറ്റി..
വേനല്‍ക്കാഴ്ചകള്‍
കലണ്ടറില്‍ നിന്നുമൊരു നാള്‍ കീറുന്നു
സ്മരണയില്‍ നാലാം ദിനം കുരുങ്ങുന്നു
മരങ്ങള്‍ക്കപ്പുറം ചരിഞ്ഞു ശാന്തമാം
വിലാപമായ് നീലടല്‍ കിടക്കുന്നു
കറുത്ത പൊട്ടുപോലകലെ വള്ളങ്ങള്‍
ധൃതിയിലെങ്ങോ പറക്കും കാക്കകള്‍
ഇരു കരങ്ങളില്‍ ചുമലുയര്‍ത്തിടും
കടയ്ക്കരുകിലായ് പുകയു,മക്ഷമ
വിയര്‍പ്പുചാലുകളൊഴുകും കൗമാര
കുതൂഹലങ്ങളില്‍ വറുതി ഗീതങ്ങള്‍
ചിരിച്ചെത്തും മഞ്ഞമലര്‍മണിക്കുല
ഇരുചക്രവേഗ,മിരമ്പും മാനസം
തണലില്‍ നീളുന്ന കറുത്ത പാതകള്‍-
ക്കരികി,ലസ്തിത്വ വ്യഥകള്‍ തേങ്ങുന്നു
മുഖാമുഖം നോക്കി മടങ്ങും പൊന്‍വെയില്‍
മിഴികളില്‍ യാത്രാമൊഴികള്‍ മങ്ങുന്നു
ചെവിയില്‍ കിന്നാരം കലമ്പും കാറ്റുമാ-
യകലേക്കു പായും ചുവപ്പു മേളങ്ങള്‍
കരളില്‍ സ്നേഹത്തിന്‍ കിരണവുമായി-
ന്നൊരു മുഖം മാത്രം കൊഴിയാതെ നില്‍പൂ
പിണക്കം
ചന്ദന നേര്‍വര കുങ്കുമപ്പൊട്ടുമാ-
യന്തമെഴാത്തതാം കാന്തി ചിന്നി
അമ്പിളി,യന്തിക്കതിരവന്‍, വിണ്ണില്‍ നി-
ന്നമ്പിയന്നേറെ വരങ്ങളേകെ
അന്തിയാവോളവും നിന്നടുത്താമൊഴി-
ച്ചന്തങ്ങളുണ്ടു തനിച്ചിരിക്കാന്‍
ആര്‍ത്തിയോടിങ്ങിവനെത്തവേ,യെങ്ങേതു
തേര്‍ത്തടമേറിപ്പറന്നുപോയ് നീ
വിങ്ങു,മീയുന്മത്ത ചിത്തമിന്നോര്‍മ്മകള്‍
തിങ്ങും കയങ്ങളിലാഴ്‌ന്നിടുമ്പോള്‍
പേരറിയാത്ത വികാരങ്ങള്‍ പോലെ നിന്‍
തേരുരുളൊച്ച പൊതിഞ്ഞിടുമ്പോള്‍
വീഥിയിലാവേഗമേറ്റിടും വേദന
വേഷപ്പകര്‍ച്ചയിലാളിടുമ്പോള്‍
നീറിപ്പിടഞ്ഞൂള്ളുരുകുമ്പോ,ളാശ്വാസ
നീരൊഴുക്കും വറ്റി മാഞ്ഞിടുമ്പോള്‍
ധൂമനാളങ്ങളെന്നുള്ളില്‍ നിറച്ചതില്‍
ഹോമിച്ചിടട്ടെ ഞാനെന്റെ ജന്മം
നിശാഗന്ധി
കനം കുറഞ്ഞ തന്നിലകളില്‍ നിന്നും
വനമുണര്‍ന്നപോല്‍ മഹാ സൗന്ദര്യത്തെ
വിടര്‍ത്തുവാന്‍ വിങ്ങി വിതുമ്പു,മോര്‍മ്മക-
ളുടലണിഞ്ഞപോല്‍ പിടഞ്ഞെണീറ്റവന്‍
നിമിഷമൊന്നെങ്കിലൊരു നിമിഷത്തെ
നിമിഷ,മെന്നറിഞ്ഞുണര്‍ന്നു പാടുവാന്‍
ഒരു നിശാഗന്ധി തപസ്സിരിക്കുമ്പോ-
ലൊരു നൂറു ജന്മം തപസ്സിരുന്നവന്‍
അവ,നീ നാടിന്റെ കരള്‍ത്തുടിപ്പറി-
ഞ്ഞവനി,യമ്മയെ,ന്നലിഞ്ഞൊഴുകുമ്പോള്‍
തികഞ്ഞ വെണ്മത,ന്നഭൗമ പുഷ്പ,മൊ-
ന്നകതളിരില്‍ നിന്നൊളിഞ്ഞു നോക്കുന്നു
ഒരായിരം പകല്‍ വിടര്‍ന്ന പൊലുള്ളി-
ലൊരു നിശാഗന്ധി മലര്‍ ചിരിക്കുന്നൂ
Saturday, December 16, 2006
സംക്രമപക്ഷിക്കൊരു ഗീതം
പൂമരക്കൊമ്പത്തിരിക്കുമെന്നോമന
പൈങ്കിളിപ്പെണ്ണിന്നു ദുഃഖം
വര്‍ണ്ണം വിടര്‍ത്തിയെന്‍ ചിന്തകള്‍ പൂവിട്ടു
മര്‍മ്മരം ചേര്‍ക്കും ദലങ്ങള്‍
ഹേമന്തരാഗത്തുടിപ്പില്‍ നിലാവിലും
കാതോര്‍ത്തു നിന്നൂ വിഭാതം
താളത്തില്‍ ജീവിത സ്വപ്നങ്ങളോടൊപ്പ-
മാലോലമാടുന്ന പക്ഷീ
നിന്‍ദുഃഖമെന്‍ദുഃഖമൊരുദുഃഖമെന്നതു-
മിന്നെന്റെ ദുഃഖമായ് മാറീ
തൂവലൊതുക്കി നാം ചേര്‍ന്നിരിക്കുമ്പൊഴീ
മാറിലെച്ചൂടു പകര്‍ന്നും.
ഹൃത്തുടിപ്പുള്ളില്‍ നിറഞ്ഞേറിയൊന്നുമേ
മിണ്ടാതെ മാറിയകന്നും
നമ്മളീ, ഞാനല്ല,നീയല്ലാ,തുണ്മയ-
മസ്തിത്വ ശാന്തി തേടുന്നു.
രാത്രിയില്‍ കോച്ചിവിറയ്ക്കും തണുപ്പേറ്റു
ദേഹം ചുരുക്കിപ്പതുങ്ങീ
കാനനകാന്തിയാം തൂവലിനുള്ളില്‍ നി-
ന്നാനന,മാഴ്തി,യൊതുങ്ങീ
ആയിരം പൂവിളി പൊങ്ങും പുലരിയില്‍
ജീവന്റെ നാദം മുഴക്കീ
പക്ഷങ്ങള്‍ വാശിയില്‍ വീശിയതിന്‍
കീഴിലിക്ഷിതി വെട്ടിപ്പിളര്‍ന്നും
നീ പറക്കുന്നൂ, ദിഗന്തം നടുങ്ങുന്നൂ
ദീപങ്ങള്‍ കണ്ണടയ്ക്കുന്നൂ
പൂര്‍വ്വികര്‍ തൂകിയ രക്തക്കുരുതികള്‍
നാടോടി ഗാനമായെങ്ങും
വേര്‍പ്പിനാല്‍ നട്ടു നനച്ചു വളര്‍ത്തുവാ-
നേരകപ്പുല്ലുകള്‍ മാത്രം
കാലം കലിതുള്ളി ഭൂതവും ഭാവിയു,
മാവേശമോടൊത്തു പാടീ
കുമ്പിളില്‍ കഞ്ഞി കുടിക്കുന്നവന്‍ തന്നെ
നെല്ലും നിലവു,മെടുക്കും
പൂമരക്കൊമ്പത്തിരിക്കുമെന്നോമന-
പ്പൈങ്കിളിപ്പെണ്ണിന്റെ ദുഃഖം
ഇപ്പൊഴും മൂകമാം വര്‍ത്തമാനത്തിന്റെ
സത്യമായുണ്ടതു ബാക്കി
ആകെത്തരിക്കു,മെന്നംഗുലികള്‍ക്കു നീ
മോതിരം ചാര്‍ത്തിക്കു വേഗം
നിന്മുഖം മൂടുന്ന കാര്‍മേഘമാലകള്‍
പെയ്യട്ടെ പേമഴയായി
തൂവലുണക്കിടാ,മാവേശമുഷ്ടികള്‍
വാനില്‍ ചുരുട്ടി, വിളിക്കാം
നാളെയും നാളത്തെ ലോകവും നമ്മുടെ
നാമാണു നമ്മെ നയിക്കാന്‍
Wednesday, December 13, 2006
രാത്രിയേറെയായ്
രാത്രിയേറെയായ്, പാതിമയക്കത്തി-
ലാര്‍ത്തിരമ്പുന്ന പാപബോധങ്ങളില്‍
പങ്കു വയ്ക്കാന്‍ വെറുപ്പിന്നലകട-
ലെങ്കിലും ബാക്കിവച്ചേക്കുകെന്നിനി-
ച്ചൊല്ലുവാനീച്ചയാര്‍ക്കുന്നൊരിത്തിരി-
ക്കല്ലുവച്ച പരിഭവ ശീലുകള്‍.
ആറ്റിറമ്പിലെ പൊന്തയില്‍ നിന്നെഴും
കാറ്റിനെ കണ്ണു കെട്ടുന്ന വാക്കുകള്‍
പൊങ്ങിത്തെല്ലിട തങ്ങിനിന്നമ്പു പോല്‍
മുങ്ങി മീനുമായ് പൊന്തും പറവകള്‍
കാട്ടുപച്ചയെ പറ്റിത്തപിക്കുന്ന
പാട്ടുകള്‍ മുളംകാടുകള്‍ മോഹങ്ങള്‍
രണ്ടു കണ്ണിലും കൂരിരുള്‍ പുറ്റുകള്‍
വിണ്ടു കീറും കിനക്കളില്‍ കൊള്ളിയാന്‍
മുള്ളു കൊണ്ടതല്ലീ മുറിപ്പാടുകള്‍
ഉള്ളു നീറുന്ന വാക്കിനാലേറ്റതാം
രാത്രിയേറെയാ,യാര്‍ത്തലയ്ക്കുന്നതാ-
മാള്‍ത്തിരക്കിന്‍ മലവെള്ളമെത്തിയെന്‍
ഹൃത്തടം തന്നിലാഴ്ത്തി വന്‍ കത്തികള്‍
വൃത്തഭംഗം വരുത്തുന്നു ജീവനില്‍
കുത്തൊഴുക്കിലകലാതിരിക്കുവാ-
നൊത്തു ചങ്ങലയ്ക്കിട്ട വള്ളങ്ങളെ
മുട്ടിമുട്ടിയൊഴുകും കിനാക്കളി-
ലൊട്ടിയൊട്ടിപ്പിടിക്കും നിമിഷങ്ങള്‍
നീരൊഴുക്കിന്‍ കുളിര്‍മ്മയിലായിരം
രാരിരം മൂളിമൂളിയുറക്കുവാന്‍
ദൂരെ മാമലയ്ക്കപ്പുറത്തങ്ങു നി-
ന്നാരെയും തേടി വന്നിടും തെന്നലായ്
മേലെ നീലനിലാവല നെയ്തുകൊ-
ണ്ടാലിലത്തൊട്ടില്‍ മെല്ലെയൊന്നാട്ടുവാന്‍
കാലമെന്തേ, മറക്കുട ചൂടാതെ
പാലപ്പുമണം പോലെ വന്നെത്തുവാന്‍
രാത്രി തീരുവാ,നില്ലിനി യാമങ്ങള്‍
ധാത്രിത,ന്മടിത്തട്ടിലുറങ്ങുവാന്
ബാക്കി നില്‍ക്കുന്ന മോഹങ്ങളൊക്കെയും
തൂക്കി വില്‍ക്കാം നമുക്കു വിപണിയില്‍...
Tuesday, December 12, 2006
നമ്മള്‍
ഇവിടെ നമ്മള്‍ പരസ്പരം മിണ്ടാതെ
ഇനിയു,മെത്ര നാളെത്ര നാളിങ്ങനെ
മെഴുകു ദീപങ്ങളാകണം കാണുമ്പോള്‍
വഴുതി നീങ്ങും നിഴലുകളാകണം
Monday, December 11, 2006
ഒരു വേദിക്കരികില്‍
മങ്ങിമങ്ങിയിരുണ്ടുപോം വെള്ള മേഘങ്ങള്‍
താഴെ വെള്ളച്ചുമരുകളതിരുകള്‍ തിരിക്കുന്നി-
താഴമുള്ള കുളം പോലെ ചെറിയ മുറ്റം
മഞ്ഞ നിറ,മിടചേര്‍ന്ന പുല്‍ത്തകിടി,യരികിലായ്
മഞ്ഞണിഞ്ഞ മാമലതന്‍ നിഴല്‍ക്കൂത്തുകള്‍
വെളുവെളെക്കനലുകള്‍ തെളിയിക്കും ട്യൂബിന്‍ നിര
ഇളം കാറ്റിലിളകുന്നോ,രരുണ കേതു
ഇവയെല്ലാ,മൊരു പേനത്തുമ്പില്‍ പുനര്‍രചിക്കുന്ന
കവിയു,മുണ്ടൊപ്പമായി,ച്ചിത്രകാരനും
ചിത്രകാരന്‍ വെള്ളത്താളില്‍ കുനുകുനെ വരയ്ക്കുന്ന
ചിത്രം രമ്യം പരിചിതം ഭാവസാന്ദ്രവും
വേദിയിലോ പലപല പൊയ്മുഖങ്ങളഴിയുന്നു
വേദനയോടിവനതും കണ്ടിരിക്കുന്നൂ
22-10-1990
ഇതേറ്റു വാങ്ങുക...
കരളില്‍ നിന്നുമിങ്ങടര്‍ന്നിടും ചുടു-
കുരലുണങ്ങിയ വടുക്കള്‍ മാന്തി നീ
വിരല്‍ നഖങ്ങളും വെടുപ്പാക്കി,യേതോ
നരക ചിന്തയില്‍ സ്വയമൊളിക്കയോ...
ചിരന്തന സത്യം നിതാന്ത മൗനമെ-
ന്നുരച്ച,താരെന്നുമറിയില്ല, മനം
കരളുമോര്‍മ്മകള്‍ ചികഞ്ഞു നോക്കിടും
തിരകള്‍ക്കുള്ളില്‍ നീ സ്വയമൊളിക്കയോ
തെറിപ്പാട്ടിന്നീണം നിറഞ്ഞ ചുണ്ടിലെ
മുറിഞ്ഞ പുഞ്ചിരി, കുരുന്നിലകളും
പറിച്ചെറിയുവാനുയര്‍ന്ന കൈകളില്‍
മുറിവുണങ്ങാത്ത മനസ്സും കണ്‍കളും
അറിഞ്ഞതിത്രയു,മിതാണു ഞാ,നെന്നെ
ത്തുറിച്ചു നോക്കുന്നോരിരുട്ടിലും പൊട്ടു-
മുറിയില്‍ നിന്നിറ്റും കടുത്ത ദാരിദ്ര്യ-
ക്കറികളെന്നുള്ളില്‍ പുളിച്ചു തേട്ടവെ
അറിഞ്ഞതിത്രയു,മിതാണു ഞാന്‍....
പരുത്ത സത്യത്തിന്‍ ചുടലച്ചൂടേറ്റി-
ട്ടിരുണ്ടുണങ്ങിയ പടു മുളയൊന്നാ-
ണരുമ സ്നേഹിത,നിവന്റെ പക്കലൊ
കുരുക്കുകള്‍ മാത്ര,മിതേറ്റു വാങ്ങുക
തെരുവിനപ്പുറം പുനര്‍ജ്ജനിയുടെ
കുരുക്കുത്തി മുല്ല മലര്‍വിടര്‍ന്നതും
കൊരുത്തണിയിക്കാം കഴുത്തു നീട്ടുക
വരുന്നു വാളുമാ.യറവുകാരന്‍ ഞാന്‍....
ഒക്ടോബര്‍ 1989
ഇവനോടിവരാം....
വായാടിക്കിളി നീയിവനായ്
കാക്കുക ഞാനോടി വരാം
വൈകാതൊരു പൂക്കാലം പോ-
ലിവനോടി വരാ,മരികില്‍
അതു വരെയെന്‍ കനവും കണിയും
കവിതയുമാക്കരിമിഴിയും
മായാത്തൊരു ചന്ദനവരയും
പൊട്ടും പൂപ്പുഞ്ചിരിയും
തുടു സന്ധ്യകള്‍ വിരിയും കവിളില്‍
തിരളും നിന്‍ നാണവുമല്ലൊ
പൊള്ളും മമ ഹൃത്തില്‍ നിനക്കായ്
വാഗ്ദാനപ്പൂക്കളമില്ല
എന്നാളും നിന്നെ മൂടാന്‍
പൊന്നില്ല, പട്ടുകളില്ല
കല്ലുണ്ട്, കാഞ്ഞിരമുണ്ട്,
മാറാ ദുശ്ശീലവുമുണ്ട്
ചേറുണ്ട്, മുങ്ങിപ്പൊങ്ങാ-
നാകാത്ത കയങ്ങളുമുണ്ട്
ഇവയൊക്കെ നിനക്കേകാനായ്
ഇവനോടി വരുമ്പോഴേക്കും
വായാടിക്കിളി നീയിവനായ്
കാക്കുക ഞാനോടി വരാം
വൈകാതൊരു ഭീകര നോവാ-
യിവനോടി വരാ,മരികില്‍
ചെറുതാമൊരു കൂട്ടിന്നുള്ളീല്‍
ചിറകുകളാല്‍ ചൂടേകാനും
നീള്‍മിഴികള്‍ നിറയുമ്പോഴാ-
നീര്‍മുത്തുകളൊപ്പീടാനും
ഒരു നോക്കില്‍ വാക്കില്‍ സ്വര്‍ഗ്ഗം
വിരിയിക്കും നിന്‍ കാരുണ്യം
ഒരു നാളും പൊലിയാതെന്നുടെ
കരളില്‍ കുടി വച്ചീടാനും
പേരറിയാപ്പൊരുകളലിയും
കവിതയുമായെത്തീടാം ഞാന്‍
വായാടിക്കിളി നീയിവനായ്
കാക്കുക ഞാനോടി വരാം
വൈകാതൊരു സ്നേഹവിരുന്നാ-
യിവനോടി വരാമരികില്‍
31-10-1991
ഇനി നിന്റെയൂഴം
ഇനി നിന്റെയൂഴം പറന്നിറങ്ങുകെന്‍
കനിവുണങ്ങിയ മിഴിത്തടങ്ങളില്‍
കുനുകുനെക്കൊത്തിപ്പറിച്ചെടുക്കുകെന്‍
തനുവും കാവ്യത്തിന്‍ തുടിപ്പും പ്രാണനും..
Sunday, December 10, 2006
നിന്റെ ഓര്‍മ്മയായ്....
നാട്ടു കൂട്ടങ്ങള്‍ തമ്മിലടിക്കുമ്പോള്‍
പാട്ടു പാടിത്തിമിര്‍ക്കുന്നൊരാരവം
മൂടി നില്‍ക്കും തിരക്കിന്നിടയിലൂ-
ടോടിയെത്തി നീ,യെത്തി നോക്കുമ്പൊഴെന്‍
ചേതനയ്ക്കു മുറിവേറ്റു ചെന്നിണം
പാതയില്‍ത്തളം കെട്ടിക്കറുത്തതില്‍
നിന്റെ നീള്‍മിഴി മിന്നിത്തിളങ്ങിയാല്‍
നിന്റെ ചെഞ്ചുണ്ടു തെല്ലൊന്നനങ്ങിയാല്‍
"എന്നു,മെന്നു,മെന്നുള്ളില്‍ നിഗൂഢമായ്
നിന്നെ സ്നേഹിച്ചിരുന്നവളാണു ഞാന്‍..."
എന്നു നിന്നുടെ,യന്തരം മൂകമാ-
യൊന്നു സ്പന്ദിച്ചുണരുവാന്‍ വെമ്പുകില്‍
അത്ര പോരും സഖീ, നിന്റെ തോഴ,നീ
സത്ര വതില്‍ കടന്നങ്ങു പോകുവാന്‍
ഇദ്ധരിത്രിയില്‍ നിന്‍ തുണയോടെ ഞാന്‍
യുദ്ധമാകെജ്ജയിച്ച സംതൃപ്തിയില്‍
ദൂരെ ശ്യാമാംബരത്തിങ്കല്‍ മിന്നിടും
താരമായ് നിന്റെ ഓര്‍മ്മയായ് മാറുവാന്‍
ഇനിയിവിടെ....
മഴയും കഴിഞ്ഞു മാമരവും തുവര്‍ന്നുടനെ
കുടയും മടക്കി വിടവാങ്ങുന്നു കൂട്ടുകാര്‍..
അവരുടെ,യിരു ചക്രവേഗങ്ങള്‍ പിന്നിലേ-
യ്ക്കവസാന,മിട്ടെറിഞ്ഞോടും പുകച്ചുരുള്‍
പൊടിപടലമൊത്തങ്ങുയരുന്നു, കുന്നായുട-
നിടിഞ്ഞമരുന്നു, അങ്ങനെ, മൂടും സ്മൃതികളി-
ലിടി വീണു മണ്ട കരിഞ്ഞ കരിമ്പനകള്‍തന്‍
തടി മാത്രമാടും കബന്ധ നൃത്തങ്ങളോ-
ടടിപതറി വീഴുവാന്‍ മത്രമാ,
യിനിയിവിടെ നില്‍ക്കേണ്ടതുണ്ടോ.......?
Saturday, December 9, 2006
നമുക്കു കാണുവാന്‍
കവിത കണ്ണിണ നനയ്ക്കുമുണ്മയെ-
ന്നെവിടെയും നമ്മള്‍ മനസ്സു കോര്‍ക്കുന്നു.
കവിള്‍ തുടുക്കുന്നു, വരികള്‍ വേദന
കവിഞ്ഞൊരുള്ളിന്റെ തുടിപ്പെന്നോതുന്നു.
കരമിരിക്കുവാനിടവും താങ്ങിക്കൊ-
ണ്ടരങ്ങിലെത്തുന്ന തിരക്കില്‍ നിന്നു നാ-
മകന്നു മാറുന്നു, മിഴിതുളുമ്പിടു-
മകമ്പൊരുള്‍ നിത്യ നിറവും തേടുന്നു.
വിരല്‍നഖങ്ങളില്‍ കടുത്ത വര്‍ണ്ണമായ്
ചുരന്നുയരുമീ ചുടുനിണ സന്ധ്യ.
വിരുന്നു വന്നവര്‍ വിശപ്പു തീര്‍ക്കുമ്പോള്‍
വിയര്‍ക്കും വാക്കുകള്‍ മൊഴിഞ്ഞൊഴിയുമ്പോള്‍,
ഇരുള്‍പ്പുതപ്പിനെയിടയ്ക്കിടെ നീക്കി
പുറത്തു നോക്കിടും നിലാച്ചിരികളെ-
യണഞ്ഞു പുല്‍കുവാനുഴറും കാറ്റല
മിഴിയനക്കാതെ തറഞ്ഞു നില്‍ക്കുന്നു.
നമുക്കു കാണുവാന്‍; കനവിലെ ചോപ്പും
മലമടക്കിലെ നിലാവൊളികളും
കുരങ്ങിന്‍ കൈയ്യിലെ മലര്‍മാല്യങ്ങളും
മരമുതിര്‍ക്കുന്ന കരിയിലകളും....
Tuesday, December 5, 2006
കാറ്റു വിശുന്നൂ......
ഒരു ഞെട്ടല്‍,
ഇമ ചിമ്മി,യുമിനീരിറക്കി
തരുനിരകളുലയുന്നു..
കാറ്റു വീശുന്നൂ.....
വിരലുകളണമുറിയുമീണങ്ങളില്‍
നിജ ശരമുനകളാഴ്ത്തുന്നു
നിദ്ര മുറിയുന്നു
മുറുകാതെ മുറുകിയുറയുന്ന ബന്ധനം
ചെറുചൂടിലുരുകുന്നു
കാടു കരയുന്നു
പരിചയം
തകരുന്ന സ്വപ്നങ്ങള്‍തന്‍
സ്വര്‍ണ്ണ പരിചയോടേല്‍ക്കുന്നു
ഇരുളിന്‍ പുതപ്പാരു നീക്കുന്നു
സിരകളിലൊരു നാളമാളുന്നു
നിഴല്‍ ചിരിക്കുന്നു
കരളില്‍
കരുണയും കലിയു,മീര്‍ഷ്യയും
കരകള്‍ തേടുന്നു
കരഞ്ഞു പിന്‍വാങ്ങുന്നു
ഘടികാരസൂചികളില്‍
മായുമക്കങ്ങളില്‍
നെടിയ നിശ്വാസമോടെ
അടരുന്നു കാലവും.
ഇനി,
ദീര്‍ഘനിന്ദയും വെറുപ്പും
പൊറുക്കാത്ത ശനിശ്ശാപവചനങ്ങളും
വിടര്‍മിഴികളും
ഇടറുന്ന വാക്കുകളും
തുടര്‍നാടകത്തിന്റെ
അന്ത്യതിരശ്ശീലയും....
നിഴല്‍ക്കാടുകള്‍
കൈവിട്ടു പാവയും കൂട്ടുകാരും
കൈവല്യമേകിടും ബാല്യകാലം
തീരെപ്പതുക്കെയെന്‍ യൗവ്വനവും
തിരത്തിലെ,ത്തിരമാലകളും
സൗവര്‍ണ്ണ സ്വപ്നം വഴിഞ്ഞൊഴുകും
സൗപര്‍ണ്ണികയും തരുനിരയും
പൂനിലാച്ചേലയുടുത്ത രാവും
പൂങ്കുയിലുണ്ണുന്ന മാന്തളിരും
വാടാത്ത മാലതീ മാലകളും
വാനില്‍ വിരിയുന്ന താരകളും
കൈവിട്ടുപോകെയെന്‍ തൂലികക്കും
കൈവന്നുവോ ചിരം നഷ്ടബോധം
കൂടെത്തിമിര്‍ത്തോരു കൂട്ടുകാരും
മാടപ്പിറാവുകള്‍ തത്തകളും
കാവും കുളവും പുല്‍മേടുകളും
പൂവിളി പൊങ്ങിടു,മങ്കണവും
ഓണക്കിളികളുമൂയലാടും
നാണം തുടുക്കുന്നൊരോര്‍മ്മകളും
എങ്ങോ മറഞ്ഞുപോയെന്റെയുള്ളില്‍
തിങ്ങുന്നു കൂരിരുള്‍ പുറ്റു മാത്രം
ചൂടുള്ള തീച്ചൂള നാലുപാടും
നീറവേ,യുള്ളിലും നഷ്ടബോധം
ചുട്ടുപൊള്ളും നിഴല്‍ക്കാടിനുള്ളില്‍
പൊട്ടിക്കരഞ്ഞുപോയ് തൂലികയും...
Monday, December 4, 2006
നീ വരില്ലേ.....
നീ വരില്ലെന്നു ബുദ്ധി ചൊല്ലുമ്പൊഴും
നീ വരുമെന്നു മോഹം മൊഴിയുന്നു...
നീ വരില്ലേ വരില്ലേയെന്നോര്‍ത്തു ഞാന്‍
നീരവം പൊന്‍നിമേഷങ്ങളെണ്ണുന്നു....
Sunday, December 3, 2006
നിന്നിലിന്നു ഞാന്‍
വന്നണഞ്ഞുവെന്നാല്‍
നിന്നിലിക്കിളിപ്പൂക്കള്‍ കോര്‍ത്തൊരു
പൊന്നുമാലയിട്ടാല്‍....
സത്യം
പകരമായ് നല്‍കുവാനൊന്നുമില്ലെന്‍
പകലുകള്‍ കത്തിയൊടുങ്ങിടുമ്പോള്‍.....
പുക തിങ്ങുമെന്നുടെ,യുള്ളില്‍ നിന്നും
പകരുവാനില്ലിറ്റു നന്ദി പോലും.