Tuesday, February 6, 2007
ഇനിയെന്തു നാടകം...
ഇനിയെന്തു നാടകം...?
ഇരുളിന്റെ തിരകളും
പനി തിങ്ങു,മിടവേളയും
നടന,മാടിടട്ടെ
പ്രണയം മണക്കുന്ന കാട്ടു തേനീച്ചകള്‍
മണവറയിലൊരു കനല്‍-
ത്തോരണം തൂക്കുന്നു
കുതറിത്തെറിക്കുന്നു കല്ലുകള്‍,
കനവുകള്‍,
കാറ്റില്‍ കിടുങ്ങുന്നു
കതകിന്റെ പാളികള്‍
ഭൂതകാലത്തി-
ന്നണക്കെട്ടിനപ്പുറം
പാതകള്‍ നീളും മനസ്സിലും കുന്നുകള്‍
കുന്നിന്റെ മേലേയ്ക്കു
മെല്ലെക്കയറുക
ഒന്നിച്ചു പോരും മിഴികള്‍ മറക്കുക
കരളിലിനി മുറിവേകു-
മിഷ്ടങ്ങളൊക്കെയും
തരം പോലെവിധിയെന്നുരുട്ടിക്കയറ്റുക
ഒടുവിലവ,യൊഴിയാത്ത
ബാധയായ് തീരുകില്‍
വിടയോതി താഴേയ്ക്കു തട്ടിയിട്ടേക്കുക
കണ്ടു നില്‍പോര്‍ക്കല്ല ഭ്രാന്തെന്ന
താളത്തില്‍
ചുണ്ടൊന്നനക്കുക
നാടകം നിര്‍ത്തി നാം താഴേയ്ക്കിറങ്ങുക.
സൂര്യനായ് കത്തുവോനുരുകി
വീഴുന്നതും
സായാഹ്നസിന്ദൂരകാന്തിയാം കവിതയും
മിഴിയിലൂറുന്ന
കദനനിണശോണിമ
വേനലായ്
മണ്ണും കിനാക്കളും കത്തുന്നു
ധൂളികള്‍ തേങ്ങുന്നു
പ്രണയം മടുത്തെന്നു കേഴുന്നു പേടമാ-
നനുരാഗ സന്ധ്യയും കാട്ടുപൂവും.
കാടു പിടയുന്നു
കടവാവലിളകുന്നു
ചിറകടിച്ചില്ലുകള്‍ കണ്ണില്‍ തറയ്ക്കുന്നു
നാടകം തീര്‍ന്നില്ലേ
നാം വേര്‍പിരിയുമ്പോ-
ളിനിയെന്തു നാടകം ?
ഇരുളിന്റെ തിരകളും
പനിതിങ്ങു,മിടവേളയും
നടന,മാടിടട്ടെ..
Subscribe to:
Post Comments (Atom)
1 comments:
ഇനിയെന്തു നാടകം...?
Post a Comment