Sunday, June 24, 2007

ഇരുമ്പാണിയില്ലെന്റെ കൈയ്യില്‍...


ഇരുമ്പാണിയില്ലെന്റെ കൈയ്യില്‍
വിരല്‍ത്തുമ്പു ചുണ്ണാമ്പു തേച്ചിന്നു നീട്ടുന്നു
രാവിന്‍ കരിങ്കുന്തളക്കെട്ടഴിക്കൂ
ചിരിക്കൂ
ചിരിക്കുന്ന നക്ഷത്രരത്നം ധരിക്കൂ


ദിഗന്തങ്ങളെട്ടും നടുങ്ങട്ടെ പൊട്ടിച്ചിരിക്കൂ
ചിരിച്ചാര്‍ത്തു രക്തം ചുവക്കും
മിഴിക്കുള്ളിലെന്നെ-
ത്തളച്ചാഞ്ഞു പുല്‍കൂ

മണിച്ചുണ്ടകത്തൂ
മടിക്കാതെ ദംഷ്ട്രങ്ങളാലെന്റെ മാറില്‍
തുടുപ്പൊന്നു ചേര്‍ക്കൂ
വളര്‍ത്തൂ വികാരം വിതുമ്പും വ്രണങ്ങള്‍...

വരൂ യക്ഷി നീ,
ഏഴിലംപാല വിട്ടിങ്ങു താഴെ...

നിലാവിന്റെ പൂക്കൂടയേന്താന്‍
കടിഞ്ഞൂല്‍ കിനാക്കള്‍ പൊഴിക്കുന്ന മുത്തും
കുടല്‍മാല കൊണ്ടുള്ള നാരും
(നിനക്കായ്) നിനക്കാരുമേകാത്ത ഹാരം കൊരുക്കാന്‍
മനസ്സില്‍ മരിക്കാത്ത മോഹം!

വരൂ യക്ഷി
പാന്ഥന്‍ മുറുക്കാന്‍ തുടങ്ങി
തരൂ തെല്ലു ചുണ്ണാമ്പെനിക്കെന്നു ചൊല്ലി
വരൂ യക്ഷി നീ,
ഏഴിലം പാല വിട്ടിങ്ങു താഴേ-
ക്കിരുമ്പാണിയില്ലെന്റെ കൈയ്യില്‍

പനമ്പട്ടമേലിന്ദ്രജാലം
നിരാനന്ദ ഗര്‍വ്വിന്നൊരുക്കട്ടെ മഞ്ചം
പുലര്‍കാലെയര്‍ക്കന്നു കാണിക്കയേകാന്‍
നിലത്തസ്ഥി വേണ്ടേ വരുത്തേണ്ടമാന്തം !

വികാരസ്ഫുലിംഗം പറക്കുന്നു ചുറ്റും
ശിലാബിംബമായ് നീയൊളിക്കാതെ
വേഗം മടിത്തട്ടിലെന്നെക്കിടത്തൂ
നഖത്താല്‍ പിളര്‍ക്കൂ
പരിത്യക്തനെന്‍ വക്ഷദേശം
വയല്‍പ്പൂക്കളായ് നിന്റെ മാറില്‍
മൃദുത്വംവിടര്‍ത്തും ചുഴിക്കുള്ളി-
ലെങ്ങോ നിരാലംബമാഴുന്ന നാണത്തിലൂടെന്റെ
രക്തം പൊലിക്കട്ടെ
കത്തിപ്പടര്‍ന്നാളിടട്ടെ.

വരൂ യക്ഷി നീ,
ഏഴിലം പാല വിട്ടിങ്ങു താഴേ-
ക്കിരുമ്പാണിയില്ലെന്റെ കൈയ്യില്‍...

4 comments:

സുനീഷ് തോമസ് / SUNISH THOMAS said...

Gambeeram....!!!

സു | Su said...

നന്നായിരിക്കുന്നു കവിത.

qw_er_ty

കുടുംബംകലക്കി said...

നല്ല സൊയമ്പന്‍ കവിത.
‘യക്ഷി’ എന്ന വാക്ക് ഒഴിവാക്കിയിരുന്നെങ്കില്‍ കുറച്ചുകൂടി അനുഭവേദ്യമായേനെ.

Raji Chandrasekhar said...

നന്ദി, സുനീഷ്, സൂ, കുടുംബംകലക്കീ..