ഒരു മിന്നാമിനുങ്ങിന്റെ യാത്ര - എസ്. ജിതേഷ്
പരിചയപ്പെടുത്തലില്‍ പുളിച്ചു തേട്ടുന്ന പദവികള്‍ക്കപ്പുറം ജീവിതത്തെ നോക്കിക്കാണുകയും അറിയുകയും ചെയ്യുകയെന്ന ഉത്തരവാദിത്വമാണ്, കവികളേയും കലാകാരന്മാരെയും മറ്റുള്ളവരില്‍നിന്നും വ്യത്യസ്തരാക്കുന്നത്. അതുകൊണ്ടുമാത്രമാണ് ഗ്രഹങ്ങളോ ഉപഗ്രഹങ്ങളോ ആയി ആരുടേയും കൂടെ കൂടാതെ അഥവാ ഏതെങ്കിലും രാഷ്ട്രീയ രാജാക്കന്മാരുടെ സ്തുതിപാഠകരായി മാറാതെ കുറെയേറെ കവികളും കലാകാരന്മാരും ഇന്നും അനശ്വരരായി നിലനില്ക്കുന്നത്. അവര്‍ എണ്ണത്തില്‍ കുറവായിരിക്കാം, കലാസാഹിത്യസംഘങ്ങളോ സമിതികളോ അവര്‍ക്കു വേദിയൊരുക്കുന്നുമില്ലായിരിക്കും. പക്ഷെ, യുഗസാരഥികളായ അവര്‍ വിരല്‍ ചൂണ്ടുന്നിടത്തേക്ക് കാലവും ജനതയും നോക്കും, സഞ്ചരിക്കും.

അങ്ങനെ വിരല്‍ ചൂണ്ടാന്‍ കെല്പുള്ള ഒരാള്‍, വിരല്‍ ചൂണ്ടുന്ന ഒരാള്‍

"കെട്ടുപോയ മിഴിവെട്ടം പിന്നെയും
വെട്ടമായി തിളങ്ങുന്നതാണു‍ ഞാന്‍.
അന്ധഗായികേ നീ,യിന്നറിയുക
വീണ്ടെടുത്ത നിന്‍ കാഴ്ചയാണിന്നു ഞാന്‍!" (ഒരു മിന്നാമിനുങ്ങിന്റെ യാത്ര)

എന്നു തിരിച്ചറിയും. നാട്ടുകൂട്ടത്തിന്റെ കണ്ണുകളില്‍ നിക്ഷിപ്ത താല്പര്യക്കാര്‍ മയക്കുപൊടി വാരിയെറിഞ്ഞ് കെടുത്തിക്കളഞ്ഞ മിഴിവെട്ടം അവനിലൂടെ പുനര്‍ജ്ജനിക്കും. അത് രക്ഷകന്റെ വാഗ്ദാനം നിറവേറ്റലാണ് (സംഭവാമി യുഗേ യുഗേ !) . അങ്ങനെയാണ് ഋഷിതുല്യനായ കവി ദേവനായി പരിണമിക്കുന്നത്.

സമൂഹത്തിലെ സംവേദനശേഷിയുള്ളവരാണ് അവന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കാതുകള്‍ കൂര്‍പ്പിച്ചിരിക്കുന്നത്. അന്ധയാണെങ്കിലും തന്റെ പാട്ടിലൂടെ ലോകത്തോട് സംവദിക്കുന്ന അന്ധഗായിക അവരുടെ പ്രതീകമാണ്. അവര്‍ക്കാശ്വാസമായി, അവര്‍ക്കു താങ്ങായി അവരുടെ വീണ്ടെടുത്ത കാഴ്ചയാകുന്നു കവി.