ലാപുട: വഴുക്ക്

ലാപുട: വഴുക്ക്

മഞ്ഞുമലയുടെ അടരുകള്‍ പരസ്പരം നോവിക്കാതെ വഴുതി നീങ്ങുന്നതുപോലെ, ഒരു കവിതയിലൂടെ, കാവ്യാനുഭവത്തിലൂടെ കടന്നു പോകുവാന്‍ ഇന്നവസരം കിട്ടി. ’ലാപുട’ എനിക്കൊരു വായനാ വിസ്മയമായിരുന്നു.

നിമീലിതനേത്രങ്ങള്‍ക്കുള്ളീല്‍ സ്വപ്നങ്ങളില്‍ നിന്നു സ്വപ്നങ്ങളിലേക്കു വഴുതി നീങ്ങുന്ന കണ്മണിയെ നിര്‍ന്നിമേഷനായി നോക്കിയിരിക്കുമ്പോള്‍ ഓരോരോ വഴുക്കലിനുമിടയില്‍ കവിതകള്‍ പിറവിയെടുത്തുകൊണ്ടേയിരിക്കുന്നു. അവയാണ് ജീവിതാനുഭവങ്ങളിലൂടെ വഴുതിയൊഴുകി പലതരത്തിലുള്ള കാവ്യപ്രവാഹങ്ങളായിത്തീരുന്നത്. സര്‍ഗ്ഗധനനായ ഓരോ കവിയും ഓരോ കാവ്യപ്രവാഹമാണ്. അങ്ങനെയൊരു പ്രവാഹമായി ലാപുട നമ്മുടെയുള്ളിലേക്കൊഴുകിയെത്തുമ്പോള്‍ അതിലാറാടി രസിക്കാനല്ലാതെ കരയിലിരുന്ന് കല്ലെടുത്തെറിയാന്‍ ഏതു സഹൃദയനാണ് കഴിയുക !

"കാഴ്ചയുടെ വരമ്പില്‍ നിന്ന്
നമ്മുടേതല്ലാത്ത
വയലുകളിലേക്ക് വഴുക്കുന്ന"-താണ് ജീവിതം. ഈ തിരിച്ചറിവിന്റെ തുരീയാവസ്ഥയില്‍ " ജീവിതം സമയത്തിനുമേലെ വഴുവഴുക്കു"-കയുമാണ്.

സൃഷ്ടിയിലേക്കു നയിക്കുന്ന ആനന്ദത്തിന്റെ വഴുവഴുപ്പില്‍ തുടങ്ങി പിറവിയും പുനസൃഷ്ടിയും കടന്ന്
അഗ്നിയിലുരുകുന്ന നെയ്യിന്റെ വഴുവഴുപ്പിലവസാനിക്കുന്നതിന്നിടയിലാണ്
"സംഭവിക്കുന്നതെന്തെന്ന്
അറിയാനിടതരാതെ
കാര്യങ്ങള്‍
ഒന്നില്‍നിന്നൊന്നിലേക്ക്
തെന്നിവീണുകൊണ്ടിരിക്കുന്ന"-ത്.

ലാപുട നമ്മളെ അനുഭവിപ്പിക്കുന്നതും അതുതന്നെയാണ്.