1. ചരിത്രച്ചോരയില്‍ തിളങ്ങും വാക്കുകള്‍
’പഴിക്കരു,തിനി,
യിരുട്ടിനെ, നമ്മള്‍
പകരമാ,യൊരു
തിരി കൊളുത്തുക’
വെളിച്ചം
ദുഃഖമെന്നരുളുവോര്‍ക്കായി
വെളിച്ചത്തെയെന്നും
ഭയക്കുവോര്‍ക്കായി
ചരിത്രച്ചോരയില്‍
തിളങ്ങും വാക്കുകള്‍.
2. ഭഗത് സിംഗ്
ജീവിതത്തിന്‍ വസന്തകാലങ്ങള്‍, തന്‍
നാടിനായിട്ടുഴിഞ്ഞു വച്ചൂ സ്വയം.
എത്ര ഭീകര യാതന, വൈഷമ്യ,
മര്‍ദ്ദനങ്ങള്‍ സഹര്‍ഷം സഹിച്ചു നീ !
എന്തിനേറെ,യൊരു മുഗ്ദ്ധഹാസമോ-
ടങ്ങു ചുംബിച്ചു, മൃത്യുവെസ്സാദരം
എന്തിനു വേണ്ടിയായിരുന്നൊക്കെയു-
മെന്നു ശങ്കിപ്പതാരിദ്ധരിത്രിയില്‍ ?
അമ്മ ഭാരതഭൂമിതന്‍ മോചനം
തന്നെയല്ലി നീ കാംക്ഷിച്ചതെപ്പൊഴും !
3. നേതാജി
'തരിക രക്തം ഞാന്‍ തരാം പകരമാ-
യരിയ സ്വാതന്ത്ര്യം !’
അലയടിക്കുന്നു,ണ്ടെവിടെയും,
കാലം
കരിന്തിരി കത്തും പഴമനസ്സിലും
അരുമക്കുഞ്ഞിനെ-
യുറക്കു,മമ്മത,ന്നുറക്കു പാട്ടിലും
ഒരു കിളിക്കുഞ്ഞിന്‍
വിറയ്ക്കും ചുണ്ടിലും
സിരകളില്‍
ചുടു നിണമൊഴുകുമെന്‍
കരളിലും
ദിവ്യമുണര്‍ത്തുപാട്ടുപോല്‍.
ചരിത്രച്ചോരയില്‍
തിളങ്ങും വാക്കുകള്‍.
6 comments:
സ്വാതന്ത്ര്യദിനാശംസകള്‍ രജി.
നന്ദി, പ്രിയ ദേവേട്ടാ, അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഈ പൂച്ചെണ്ടിന്.
എല്ലാ ബ്ലോഗ് വായനക്കാര്‍ക്കുമായി ഈ സ്വാതന്ത്ര്യദിനാശംസകള്‍ പങ്കുവയ്ക്കുന്നു.
സ്വാതന്ത്ര്യദിനാശംസകള്‍. നമ്മുടെ ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടേ
സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികള്‍ക്കു പ്രണാമം അര്‍പ്പിച്ചുകൊണ്ട്,
കൂട്ടുകാരാ താങ്ങള്‍ക്കു എന്റെ സ്വാതന്ത്ര്യദിനാശംസകള്‍.....
zyxhസ്വാതന്ത്ര്യദിനാശംസകള്‍........
സ്വാതന്ത്ര്യം തന്നെ അമൃതം.ആശംസകള്‍.:)
Post a Comment