ബൂലോഗം എന്റെ കുടുംബമായ് മാറുന്നു.

ഞാന്‍ ബ്ലോഗിലെത്തിയിട്ട് അധികം നാളുകളായില്ല. എന്നാലും ബൂലോഗം എന്റെ കുടുംബവും ബ്ലോഗര്‍മാര്‍ എന്റെ കുടുംബാംഗങ്ങളും ആയി മാറുന്ന അത്ഭുതപ്രതിഭാസം ആശ്ചര്യത്തോടെയാണ് ഞാന്‍ നിരീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്.

കോട്ടയത്തുകാരനായ ഒരാള്‍ തിരുവനന്തപുരത്ത് വെട്ടുറോഡില്‍ താമസിക്കുകയും ആറ്റിങ്ങലിനടുത്ത് ഒരു സ്കൂളില്‍ ജോലി നോക്കുകയും ചെയ്യുമ്പോള്‍ തന്നെ, ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവരുമായി ആത്മബന്ധം പുലര്‍ത്തുകയും അവരുടെ കാര്യങ്ങളില്‍ ഇടപെടുകയും സഹകരിക്കുകയും ചെയ്യുന്നു.

ഇന്നു ‍ഞാന്‍ മുന്‍ പരിചയമൊന്നുമില്ലായിരുന്ന ഒരാളുടെ വീട്ടില്‍ പോയിരുന്നു. അദ്ദേഹം ഡാഫഡില്‍ അംഗമാണ്. (ഷിബു, സജീവ് എടത്താടന്റെ പുസ്തകപ്രകാശനത്തിനുണ്ടായിരുന്നു. എനിക്ക് വിശാലമനസ്കനെയും കൊടകര പുരാണത്തെയുമല്ലെ അറിയാവൂ, എടത്താടനെ അറിയില്ലായിരുന്നല്ലൊ. സംസാരത്തിനിടയിലാണ് എടത്താടന്‍-വിശാലമനസ്കന്‍ ബന്ധം മനസ്സിലായത്.)

നാളെയാണ് ഷിബുവിന്റെ വിവാഹം. സ്കൂളില്‍ പരീക്ഷയായതുകൊണ്ട് നാളെ പോകാനൊക്കുമോയെന്നറിയില്ല. അതുകൊണ്ടാണ് ഇന്നുതന്നെ ഞങ്ങള്‍ നാലുപേരും കൂടി പോയത്.

കുറെ ദൂരമുണ്ടായിരുന്നു, എന്തായിരിക്കും ഷിബുവിന്റെ പ്രതികരണമെന്ന ആശങ്കയും. പക്ഷെ ചിരപരിചിതനെപ്പോലെയാണ് ഷിബു സ്വീകരിച്ചത്. ആരിഫ്, നേരത്തെ അറിയിച്ചിരുന്നു.

ഞങ്ങളുടെ തനി നാടന്‍ മട്ടു കണ്ടിട്ടും വീട്ടുകാരൊന്നു തെറ്റിദ്ധരിച്ചോന്നു സംശയം.

രാത്രി വളരെ വൈകിച്ചെന്നെങ്കിലും വളരെ സ്നേഹത്തോടെ അടുത്തിരുന്ന് ഏറെ നേരം സംസാരിച്ചിട്ടാണ് ഷിബുവിന്റെ അച്ഛനുമമ്മയും സഹോദരിയും അളിയനും ഞങ്ങളെ യാത്രയാക്കിയത്.

സുശീലന്‍ (ഷിബുവിന്റെ അയല്ക്കാരനും ബന്ധുവും) വഴി ചോദിക്കാന്‍ കടയില്‍ക്കയറിയ ഞങ്ങളെ, കൃത്യമായി വീട്ടില്‍ കൊണ്ടെത്തിച്ച സുശീലന്‍.