“അടുത്തു കാണുന്നതെല്ലാം അസ്സലാവണമെന്നില്ല”

“അടുത്തു കാണുന്നതെല്ലാം അസ്സലാവണമെന്നില്ല”
 

          അവനവന്റെ ആസനം നനയാതെ നോക്കുന്നവരുടെ (അതോ നനയ്ക്കാതെയോ..!) കാലഘട്ടത്തിലും സമകാലിക സംഭവവികാസങ്ങളെ പ്രതീകങ്ങളിലൂടെ രൂക്ഷമായി ദൃശ്യവല്ക്കരിക്കാനുള്ള കഴിവ് ഒരു ജീനിയസ്സിന്റെ ലക്ഷണമാണ്.
’ലക്ഷം കവികള്‍ ചേരുമ്പോളതില്‍
ലക്ഷണമൊത്തവരൊന്നോ രണ്ടോ’


എന്ന് നമ്പ്യാര്‍ കവിതയ്ക്കൊരു പാഠാന്തരം നല്കിയാലും തെറ്റുണ്ടാകുമെന്നു തോന്നുന്നില്ല. കാരണം അങ്ങനെ ലക്ഷണമൊത്ത ഏതാനും കവികളെ ബ്ലോഗു വായനക്കിടയില്‍ എനിക്കു പരിചയപ്പെടാനിടയായിട്ടുണ്ട്.


          ദുരിതാനുഭവങ്ങളുടെ തടവറയില്‍ നിന്ന് സഹജീവികളുടെ പ്രാര്‍ത്ഥനയും സ്നേഹവും രക്ഷപ്പെടുത്തിക്കൊണ്ടുവന്ന ശക്തവും വ്യക്തവുമായ രാഷ്ട്രീയബോധത്തിന്റെ കരുത്ത്, കാവ്യവിഹായസ്സിലൂടെ ചിറകടിച്ചുയരുമ്പോള്‍ കാണുന്ന കാഴ്ചകള്‍ യഥാതഥം ആവിഷ്ക്കരിക്കപ്പെടുകയാണ് ഡെപ്യൂട്ടേഷന്‍ എന്ന കവിതയില്‍.
          ഇങ്ങനെയാണ് കവിത തുടങ്ങുന്നത്-
“ഉത്തല ലെന്‍സിന്റെ കനത്തില്‍
അടുത്തു കാണുന്നവയെല്ലാം
അസ്സലാവണമെന്നില്ല.”‍

കവിതയുടെ ഗതിയെ സമയാസമയങ്ങളില്‍ നിയന്ത്രിക്കുന്നത് ഈ വരികളാണ്.


          മധുരമനോജ്ഞമായ പൊന്നരിവാള്‍ കനവുകളും തമസ്ക്കരിക്കപ്പെട്ട പാരമ്പര്യങ്ങളില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്ക്കുന്ന രാഷ്ത്രസങ്കല്പവും മാനവജീവിതമാകുന്ന നരകമരുഭൂമികളില്‍ നിന്നും സ്വര്‍ഗ്ഗീയവിശുദ്ധികളിലേയ്ക്കുള്ള പ്രബോധനത്തിന്റെ ഹരിതമോഹങ്ങളും ഇടയലേഖനങ്ങളാല്‍ നയിക്കപ്പെടുന്ന കുഞ്ഞാടുകളുടെ വാഗ്ദത്തഭൂമിയിലേയ്ക്കുള്ള പ്രയാണദാഹങ്ങളുമൊക്കെയുണര്‍ത്തുന്ന ഒരുതരം അയഥാര്‍ത്ഥ യാഥാര്‍ത്ഥ്യബോധമുണ്ടല്ലൊ, അതിന്റെ കട്ടിക്കണ്ണടച്ചില്ലിലൂടെ മാത്രം കാര്യങ്ങളെ നോക്കിക്കാണുന്നതുകൊണ്ടാണ് ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ ധാര്‍ഷ്ത്യത്തിന്റെ പോര്‍വിളികളും പൊട്ടിത്തെറികളും ചോരച്ചുഴികളുമൊക്കെ ഇടയ്ക്കിടെ ഉയരുന്നത്.
          ഈ കട്ടിക്കണ്ണടയിലൂടെയുള്ള കാഴ്ചയും തത്ഫലമായുണ്ടാകുന്ന വീക്ഷണ വൈകല്യവും സമൂഹത്തിന്റെ സമസ്തമേഖലകളിലും വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍, അതൊരു ദുരന്താണുവിസ്ഫോടനമായി മാറാതിരിക്കുവാനാണ് കവി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്–


“ഉത്തല ലെന്‍സിന്റെ കനത്തില്‍
അടുത്തു കാണുന്നവയെല്ലാം
അസ്സലാവണമെന്നില്ല.”‍