Friday, September 14, 2007

കലങ്ങാത്തൊരുള്ളിന്റെ താളം



മണല്ക്കാടുമൂടിത്തകര്‍ക്കാത്ത കുഞ്ഞോളമേളം
കലങ്ങാത്തൊരുള്ളിന്റെ താളം.

മലയ്ക്കപ്പുറത്തങ്ങു ദൂരത്തുനിന്നിങ്ങല-
ച്ചെത്തിടും കാറ്റു മുറ്റത്തുയര്‍ത്തും
പൊടിമണല്‍പ്പടരുകള്‍ക്കിടയിലൂടെപ്പൊഴും
തെളിനീരുറവയായൊഴുകുന്ന സാന്ത്വനം.

തൃണത്തുമ്പിളം കാറ്റിലാലോലമാട്ടുന്ന നീഹാരതാരം
ചിരിക്കും പ്രഭാതത്തിനോങ്കാരസാരം
യുവത്വം കുതിയ്ക്കുന്നൊരശ്വപ്രവേഗം
മണ്ണോടു ചേരാന്‍ കൊതിക്കുന്നൊടുക്കം.

വേദാന്ത വാക്യങ്ങളര്‍ത്ഥങ്ങള്‍ സര്‍വ്വവും
മിഥ്യയെന്നോതുന്ന വാക്കുകളെങ്കിലും
നിന്‍ചുണ്ടുമെല്ലെത്തുറക്കുമ്പൊളെന്നില്‍
നിറയുന്നൊരാശ്വാസ വര്‍‍ഷാന്തമേഘം.

മുളം തണ്ടുലഞ്ഞാടു,മടവികളിലുതിരു-
ന്നൊരലിവിന്റെ കളഗാനകേളി.
മലര്‍നീട്ടി നില്ക്കും ശുഭാശംസ, കണ്ണില്‍
മറക്കാത്ത മായാത്ത തൂമന്ദഹാസം.

മണല്ക്കാടുമൂടിത്തകര്‍ക്കാത്ത കുഞ്ഞോളമേളം
കലങ്ങാത്തൊരുള്ളിന്റെ താളം.

ആനുകാലികം 4

2 comments:

Raji Chandrasekhar said...

മണല്ക്കാടുമൂടിത്തകര്‍ക്കാത്ത കുഞ്ഞോളമേളം
കലങ്ങാത്തൊരുള്ളിന്റെ താളം.

എന്റെ ഉപാസന said...

കൊള്ളാം നല്ല കവിത.
:)
ഉപാസന