മഞ്ചാടിപോലെന്റെ
കൈവെള്ളയി,ലിന്നു ചെഞ്ചോരയിറ്റുന്നൂ
ഒരു തുള്ളികൊണ്ടു നിന്‍ നെറ്റ്യില്‍ പൊട്ട്,
ചൊടിയിലും കവിളിലും
ചക്രവാളത്തിലും ചോരത്തുടുപ്പ്,
ചെമ്പരത്തിക്കു,മിച്ചെമ്പനീര്‍പ്പൂവിനു,
മെന്തിനു,മേതിനു,മംഗരാഗം !
2
മേലെ,ക്കറങ്ങുന്ന പങ്കയും മേശയില്‍
പാറുന്ന താളിലെ കൈവിരല്‍ത്താളവും
വീണു പിടയും കടക്കണ്ണൊളികളി-
ലൂളിയിടുന്നതാം ജന്മസാഫല്യവും
പാദം പുതയും തിളയ്ക്കുന്ന ടാറിനെ
മൂടിത്തിമിര്‍ക്കുന്ന മഞ്ഞിന്‍ കണങ്ങളും
തീച്ചൂള,യുള്ളിലും ചുറ്റിലും നീറുന്ന
സൂര്യ കിരണങ്ങള്‍ ചൊല്ലിയാടുന്നതും
അങ്ങേച്ചരിവിലെപ്പച്ചിലക്കാട്ടില്‍ നി-
ന്നിങ്ങോട്ടു പുഞ്ചിരിച്ചെണ്ടു നീട്ടുന്നൊരെന്‍
കൊച്ചു മലരിലെപ്പൂന്തേന്‍ നുകരുവാ-
നൊച്ചയില്ലാതെ വന്നെത്തുന്ന തുമ്പിയും
പാണന്റെ പാട്ടും കടുന്തുടിയൊച്ചയും
പ്രാണന്റെ കല്ലോലമാലിയില്‍ നീന്തവെ
’ദുഃഖമാണേകാന്ത സന്ധ്യകള്‍ !’ - മാമല
പൊട്ടിക്കരയുമെന്നുള്ളത്തില്‍
നിന്നൊരുതുള്ളി രക്തം
3
നാണയത്തുട്ടിനായ് നീട്ടിയ കൈകളും
നാണം മറയ്ക്കാത്ത വൃദ്ധനും വൃദ്ധയും
നാളെകളെന്നോ കരിഞ്ഞകിനാക്കളായ്
നാളുകളെണ്ണവെ, യാത്ര ചോദിക്കാതെ
നീലവിഹായസ്സില്‍ നീങ്ങുന്നു നീരദം.
തിരികെട്ടൊരോട്ടു നിലവിളക്കും തണ്ടി-
ലിഴയുന്ന ചെമ്പനെറുമ്പിന്റെ കൂട്ടവും
ഇടതിങ്ങി വിങ്ങും നിരാശയും പാഴ്‍ചെളി
ചിടകെട്ടിമൂടും ശവപ്പറമ്പും കണ്ണി-
ലുറയുന്നു, പാമ്പുകള്‍ പിണയുന്നു, കുന്നിന്‍
നിറുകയില്‍ നിന്നവ,യെത്തിനോക്കുന്നെന്റെ
മഞ്ചാടി കൈവിട്ടു പോകുമെന്നോര്‍ത്തു ഞാന്‍
കൈകള്‍ മുറുക്കുന്നു.
4
തീരത്തിലെത്താത്ത കൊച്ചു തിരകളും
തീരാത്തമോഹവും
താളം ചവുട്ടിത്തളര്‍ന്ന പാദങ്ങളും
പാളത്തിലൂടര്‍ദ്ധരാത്രിയിലെത്തുന്ന
വണ്ടിക്കു കാതോര്‍ത്തൊടുങ്ങുന്ന ജീവനും
കള്ളന്റെ കാവലും
ആറ്റിലൊഴുകുന്ന കാട്ടു തടികളും
നീരവമേതോ മരക്കുറ്റിമേലൊരു
ദാരുശില്പം പോലിരിക്കുന്ന പക്ഷിയു-
മൊന്നുചേര്‍ന്നെന്നുടെ മഞ്ചാടി തട്ടുവാന്‍
തക്കവും പാര്‍ത്തങ്ങിരിക്കുന്നുവെങ്കിലും
നാളെ മരിക്കാത്ത കാലം കുലയ്ക്കുന്ന
വില്ലിന്റെ ഞാണൊലി ഞാനായി മാറവെ,
ചാലെ വിടര്‍ന്ന നിന്‍ കണ്‍കളും നെറ്റിയില്‍
പാതിവിടര്‍ന്നൊരു ചന്ദനപ്പൊട്ടുമാ-
യെന്റെ കിനാവിലും മായാതെ നില്ക്കുമെ-
ന്നമ്മേ, ശതസഹസ്രാബ്ദമായ് ജനകോടിക-
ളാരതി ചെയ്യുന്ന നിന്റെ പാദത്തിലെന്‍
പൈതൃകമാകുമീ മഞ്ചാടി, യര്‍പ്പിച്ചിടട്ടെ ഞാന്‍.
5
എത്ര,യിറക്കങ്ങ,ളേറ്റങ്ങള്‍ താണ്ടിയെ-
ന്നന്ത്യമാം താവളം കണ്ട സംതൃപ്തിയി-
ലീറന്‍ നിലാവുപോ,ലോര്‍മ്മകള്‍ കൈകളില്‍
കോരിയര്‍പ്പിച്ചിടുന്നു ഞാ,നിന്നും
മഹാരുദ്രതാണ്ഡവസ്പന്ദം തുടിക്കുന്ന കോശങ്ങ,-
ളാണ്ടുകള്‍ തിന്നുതീര്‍ത്തിട്ടുമെന്തിനോ
വാപിളര്‍ന്നെത്തുന്നൊരാജന്മതൃഷ്ണകള്‍
വാക്കുകള്‍ക്കര്‍ത്ഥമായ് തീരും വികാരങ്ങള്‍
തിക്കും തിരക്കും നിറഞ്ഞുള്ളൊരോട്ടവു,
മൊക്കെയുംബാക്കി നില്ക്കും കടം വീട്ടുവാന്‍...
ആനുകാലികം 5
9 comments:
മഞ്ചാടിപോലെന്റെ
കൈവെള്ളയി,ലിന്നു ചെഞ്ചോരയിറ്റുന്നൂ
ഞാന്‍ കവിതകള്‍ വായിക്കാറുണ്ട്. എല്ലാമൊന്നും മനസ്സിലാകാറില്ല. ഈ കവിതയ്ക്ക് എന്തോ പ്രത്യേകതയുള്ളതുപോലെ തോന്നി.
വേലിക്കല്‍ നില്ക്കുന്ന ചെമ്പരത്തിപ്പൂക്കള്‍ എന്നും എന്നെ മോഹിപ്പിക്കാറുണ്ട്, മഞ്ചാടിക്കുരുവും.
ശ്രീജിത്തെ,
സൈന്‍ഔട്ട് ചെയ്യാതെ പോയതുകൊണ്ട് id മാറിയോന്നൊരു സംശയം.
ശ്രീജിത്ത്, സന്തോഷം. ആനുകാലികം എന്ന കവിതയുടെ ഒരു ഭാഗം മാത്രമേയായുള്ളു.
ഇതില്‍ തന്നെ മൂന്നു ഭാഗങ്ങള്‍ ഇനിയുമുണ്ട്.. വായിക്കുമല്ലൊ.
മഞ്ചാടി എന്ന പേരാണു ഇതു നോക്കാന്‍ പ്രേരിപ്പിച്ചതു.മനോഹരമായ കവിത..
ചോര ഒരു ദ്രാവകമല്ലെ ചേച്ചി. മഞ്ചാടി ഒരു ഘനവസ്തുവും. അപ്പോ എങ്ങിനെയാ “മഞ്ചാടിപോലെ
കൈവെള്ളയില്‍ ചെഞ്ചോരയിറ്റുന്നെ”
രണ്ടിനും ഒരേ കളര്‍ ആയതു കൊണ്ടാണോ..?
സ്വല്പം കണ്‍ഫ്യൂഷന്‍.
:)
ഉപാസന
കവിത നന്നായി. അര്‍ത്ഥമുണ്ട് ഒത്തിരി. ബാക്കിയും പോരട്ടെ.
മേലെ,ക്കറങ്ങുന്ന പങ്കയും മേശയില്‍
പാറുന്ന താളിലെ കൈവിരല്‍ത്താളവും
നിന്റെ പാദത്തിലെന്‍
പൈതൃകമാകുമീ മഞ്ചാടി, യര്‍പ്പിച്ചിടട്ടെ ഞാന്‍.
കൊള്ളാം നന്നായി.
:)
ഉപാസന
Post a Comment