Tuesday, May 26, 2009

ബാലകവിതകള്‍

  1. അപ്പൂപ്പനും പിള്ളേരും
  2. ആമ
  3. ആളൊരിക്കലും കേറാത്ത വണ്ടി
  4. ഊഞ്ഞാലാട്ടം
  5. ഒന്നുമൊന്നും...
  6. ഒന്നേ...ഒന്നേ...
  7. ഓടിക്കോ...
  8. ഓട്ടോറിക്ഷ
  9. കുഞ്ഞിപ്പൂച്ച
  10. കൃഷീക്കാര്‍
  11. ക്ലോക്ക്‌
  12. ചാക്കോച്ചനും ചാരുകസേരയും
  13. ചിരവ
  14. ചെണ്ട
  15. തീപ്പെട്ടി
  16. തൊട്ടാവാടി
  17. ത്രാസ്‌
  18. പാമ്പന്‍ചേട്ടനെ പറ്റിച്ചേ...
  19. പൂക്കളം
  20. മാങ്ങയും മൂങ്ങയും
  21. വിത്തു വിതയ്ക്കാം
  22. വേലപ്പന്‍

കാരണവരുടെ ചിരി

പിള്ളേരുടെ ബഹളവും കളികളും കണ്ട്, ഉമ്മറക്കോലായിലെ ചാരുകസേരയില്‍ കിടക്കുകയായിരുന്നു കാരണവര്‍.

അനന്തരവന്മാരും സംബന്ധക്കാരും ഭരണം ഏറ്റെടുത്തതില്‍ പിന്നെ പണിയൊന്നുമില്ല.

അവര്‍ സമ്മതിച്ചിട്ടു വേണ്ടെ...

ആശയുണ്ട് മിണ്ടിയില്ല എന്ന മട്ടിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്.

കാരണവരെ ഒതുക്കിയതിന്റെ സന്തോഷത്തില്‍ പിള്ളേരെല്ലാം കൂടി മുറ്റത്ത് കളിച്ചു തിമിര്‍ക്കുകയാണ്. കുസൃതിക്കൊട്ടും കുറവില്ല.

മുറ്റത്തെന്തൊക്കെയോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ട്, കാരണവരൊന്ന് തല പൊക്കി നോക്കി. ദാണ്ടെ പിള്ളേരെല്ലാം മുറ്റത്ത് മറിഞ്ഞടിച്ച് കിടക്കുന്നു.

ഒരുത്തന്‍ എഴുന്നേറ്റു നില്പുണ്ട്, രണ്ടു മൂന്നെണ്ണം പാതിയെഴുന്നേറ്റ മട്ടിലും. ബാക്കിയെല്ലാം പടും കിടപ്പു തന്നെ.

അതു കണ്ടപ്പോള്‍ കാരണവര്‍ തന്റെ കുട്ടിക്കാലം ഓര്‍ത്തുപോയി.
ആ ചുണ്ടുകളില്‍ അറിയാതൊരു ചിരി വിടര്‍ന്നു. ( അതൊ, കസേരയ്ക്കു പുറകില്‍ നിന്ന് ആരെങ്കിലും ഇക്കിളി കൂട്ടിയതാണോ...)

"ഞങ്ങളുടെ മക്കള്‍ വീണപ്പോള്‍ കാരണവര്‍ ചിരിക്കുന്നോ...? ഇതൊടുക്കത്തെ ചിരി തന്നെ.. കാണിച്ചു കൊടുക്കാം. " ആരൊക്കെയൊ പിറുപിറുക്കുന്നു.

കസേരയില്‍ നിന്ന് കാരണവരെ വലിച്ചു താഴെയിടാന്‍ തക്കം പാര്‍ത്തിരുന്ന അനന്തരവന്മാര്‍ക്കും സംബന്ധക്കാര്‍ക്കും വാശി കൂടി.

അവരൊരുമിച്ചുകൂടി കാരണവരുടെ കാലു പിടിക്കാന്‍ ആഞ്ഞടുത്തു. (വലിച്ചിടാനാണേ..)

ആ വരവു കണ്ടപ്പോള്‍ കാരണവര്‍ക്കു വീണ്ടും ചിരി പൊട്ടി.




26-05-09

Sunday, May 24, 2009

പ്രണയവാത്സല്യം

ഒരു

ദിവസമാണെങ്കിലും

കാണാതിരിക്കാന്‍

പ്രയാസമാണല്ലൊ

കുഞ്ഞെ….


ഇതു പ്രണയമല്ലല്ലൊ….?


ബന്ധനങ്ങളുടെ

നനുനനുത്ത

നൂലിഴകളില്‍

തലങ്ങും വിലങ്ങും

വരിഞ്ഞു മുറുകുമ്പോള്‍


ഇനിയെന്തു പ്രണയം……


നീ

പ്രണയത്തില്‍ നിന്ന്

വാത്സല്യത്തിലേയ്ക്കെന്നെ

വലിച്ചെടുക്കുമ്പോള്‍


ഉണ്മയുടെ

അമൃതകുംഭങ്ങള്‍ നിറയുന്നു.


നീ

ചിരിനിലാവ്….


എന്നാലും

കാണാതിരിക്കാന്‍

വയ്യ…….

26-02-2009

Saturday, May 23, 2009

സിനിമയിലെ വില്ലന്മാര്‍

സിനിമയിലെ വില്ലന്മാര്‍

ഇപ്പോള്‍

ബലാത്സംഗം ചെയ്യാറില്ല.


വലിച്ചു കീറാനോ

ഉരിഞ്ഞെറിയാനോ

ഉടുതുണികളില്ലാഞ്ഞിട്ടല്ല.


പ്രായം കൂടിയതുകൊണ്ടോ

ആവതില്ലാത്തതുകൊണ്ടോ

അല്ല.


ചെറുപ്പക്കാരായ

ചെറുമക്കളെ

പരിശീലിപ്പിക്കുകയാണ്.


അവര്‍ക്കാണ്

അത്തരം ജോലികള്‍…


അല്ലെങ്കിലും

അതിപ്പൊ

അങ്ങനെയൊക്കെത്തന്നെയാണല്ലൊ

ജീവിതത്തിലും…….


വില്ലന്മാര്‍

വയസ്സായി

മന്ത്രിമാരാകുമ്പോള്‍

അവരുടെ മക്കള്‍…

മന്ത്രിപുത്രന്മാര്‍….

18-02-2009

Friday, May 22, 2009

കടലിനോട്...

കടലിനോടൊരു കര കരയുന്നു
കടന്നു കേറിയെന്നഹന്തയെ‍ ദ്രുതം
അതിക്രൂരം മണല്‍ത്തരികളാക്കു നി‍ന്‍
പ്രതിരോധത്തിരപ്പകക്കുതിപ്പിനാല്‍....

22-05-09

കടലിളകുന്നു…

കടലിളകുന്നു…

കരയെപ്പുല്കുവാന്‍.


കരവിരുതിനാലുണര്‍ത്തുവാന്‍


പതഞ്ഞു പൊങ്ങിടും

ലഹരികള്‍ മെല്ലെ

കിതച്ചു താഴുമ്പോള്‍


തളര്‍ന്നു നിന്നെയും

പുണര്‍ന്നുറങ്ങുവാന്‍

മനമുണരുന്നു


കടലിളകുന്നു…

18-02-2009


Thursday, May 21, 2009

പര പരാ വെളുക്കുന്നു

പര പരാ വെളുക്കുന്നു

പുലരി കണ്മിഴിക്കുന്നു


അകത്തൊരാളുണരുന്നു

അരികില്‍ കൈ പരതുന്നു


മണിവീണക്കുടങ്ങളില്‍

വിരലുകളിഴയുന്നു


ലഹരിതന്നലകളില്‍

ഉടലുകളൊഴുകുന്നു


പതഞ്ഞാകെ നിറയുന്നൊ-

രലകടല്‍ കടയുവാന്‍

കടകോലായൊരു ജന്മ-

മുരളിക വിതുമ്പുന്നു.


മലകളില്‍ നനവൂറും

മലരിതള്‍ ചരിവിലും

അടിമുടിയുരുകും പൊന്‍-

വെയിലായിപ്പടരുന്നു…

20-02-2009

Tuesday, May 19, 2009

റയില്‍ പാളങ്ങള്‍

ആരോ ലിവര്‍ വലിക്കുമ്പോള്‍
വിട്ടു നില്‍ക്കാനടുക്കുവാന്‍
റയില്‍പ്പാളങ്ങളാകണം

ചക്രത്തിന്‍ കോപതാപങ്ങള്‍
ക്രൂരം സമ്മര്‍ദ്ദമേകുമ്പോ-
ളിളം പുഞ്ചിരി തുകണം.


കള്ളനെക്കാവലേല്‍പ്പിക്കാ-
നവര്‍ക്കും കൂട്ടു നില്‍ക്കുവാ-
നകക്കണ്ണുമടയ്ക്കണം.


കഷണ്ടിക്കാ,രസൂയക്കാര്‍,
ദേവന്മാര്‍, കുംഭയുള്ളോരും
കല്‍പ്പിക്കും പോലെ നീങ്ങണം


ലക്ഷ്യങ്ങള്‍ നേടാന്‍ തമ്മില്‍
ചിരിച്ചും കത്തിയാഴ്തുവോര്‍-
ക്കെന്നെന്നും സ്തുതി പാടണം


അവര്‍ക്കു പൂജാപുഷ്പങ്ങ-
ളിറുക്കാന്‍ കോര്‍ത്തൊരുക്കുവാ-
നനുരാഗം ത്യജിക്കണം.


അവര്‍ക്കായ് മോഹലക്ഷങ്ങള്‍
സ്വാര്‍ത്ഥങ്ങള്‍ വെന്നു നേടുവാ-
നുള്ളം കണിക്കയേകണം.


ഇല്ലെങ്കിലിവിടെ സ്ഥാനം
നല്‍കില്ലേതൊരു മാര്‍ഗ്ഗവും
തേടും പുകച്ചു ചാടിക്കും.

അവര്‍ക്കിച്ഛാപൂര്‍ത്തിക്കോ
പ്രസ്ഥാനം, സ്ഥാപനം പിന്നെ
റയില്‍പ്പാളങ്ങള്‍ - നമ്മളും.

അവര്‍ക്കു പാളമാകാതുള്‍-
ക്കരുത്തിന്‍ കാന്തമായിടാം
വീരഗാഥ കുറിച്ചിടാം...
8-07-1991

Monday, May 18, 2009

സ്നേഹം

ഒരിക്കല്‍
വിവശനായി
ഞാന്‍
നിന്നടുക്കലേക്കോടിയെത്തി.

പക്ഷെ
അപ്പോഴേയ്ക്കും
നീ എവിടേയ്ക്കോ പോയ്ക്കഴിഞ്ഞിരുന്നു.

കൂട്ടിലിട്ടോമനിച്ചു വളര്‍ത്തിയ
കിളിയെ
തുറന്നു വിട്ടത്
സ്നേഹം കൊണ്ടു മാത്രമാണ്.

ഒന്നുമാകാത്തവരുടെ
ഒന്നിനുമാകാത്തവരുടെ
ഗതികേടിനെ
സ്നേഹം എന്നും വിളിക്കാം...

കാരണം
ഇതിന്ത്യയാണ്
നാം
ഇന്ത്യാക്കാരാണ്..

13-02-09

Sunday, May 17, 2009

കവിതയെഴുതുമ്പോള്‍

കവിതയെഴുതുമ്പോള്‍
നീ അരികിലില്ലല്ലൊ....

അകല്‍ച്ചയുടെ ഊര്‍ജ്ജവലയങ്ങളില്‍
വിയര്‍ക്കുന്ന വിശപ്പ്

വിഭ്രാന്തിയുടെ അഗ്നിപര്‍വ്വതം
തീമുഖത്ത് ചുണ്ടുരുമ്മുന്ന നീലാകാശം
വിടരുന്ന ചിരിത്തുണ്ടുകള്‍

ദൂരെ ദൂരെ
ഒരുമിച്ചു ചേരുന്ന
സമാന്തര രേഖകള്‍

നീ എന്നോടു പറയാന്‍ കൊതിച്ച
ഒരുപാടു കാര്യങ്ങള്‍

ഞാന്‍
മൂളിക്കേട്ടുകൊണ്ടേയിരിക്കുന്നു

കവിതകളീല്‍....