Tuesday, November 16, 2010

സൂര്യകലഹം

നീണ്ട ഇടനാഴിയിലൂടെ 
കാലം കടന്നു പോകുന്നു 
കിളിവാതിലുകളില്‍ ആ മുഖം മാത്രം ചിരിച്ചു കണ്ടില്ല
കാറ്റിലൊഴുകിയെത്തിയ മേഘത്തൂവലുകള്‍
ആത്മാര്‍ത്ഥതയുടെയും  ആശംസയുടെയും   
തിരുവെഴുത്തുകളായി അവതരിച്ചു
അവ
ഒറ്റപ്പെട്ടവന്റെ  പരിഭവജ്വാലകളില്‍
സൂര്യകലഹമായി എരിഞ്ഞുയര്‍ന്നു
ലക്ഷ്യം മറന്ന പേപ്പാച്ചിലില്‍  
നേട്ടങ്ങളുടെ 
എല്ലിന്‍തുണ്ടുകള്‍ കിട്ടിയ നായ്ക്കൂട്ടങ്ങള്‍,
അഹങ്കാരച്ചിരി നുരയുന്ന ഓരിയിടല്‍,
മേല്‍പ്പോട്ടു തുപ്പുന്ന അവജ്ഞയും പുച്ഛവും
നിന്ദയുടെ നിഴലിളക്കം
ആദരവിന്റെയും അംഗീകാരത്തിന്റെയും  
നനവകന്ന കാറ്റും
പാരസ്പര്യത്തിന്റെ പശിമയില്ലാത്ത
മണ്ണും മനസ്സും
പുറകിലുയര്‍ത്തുന്ന പൊടിപടലങ്ങള്‍
പുനര്‍സൃഷ്ടിക്കുന്ന
കാലത്തിന്റെ ഇടനാഴിയില്‍
നാം
നമ്മുടെ സൂര്യമുഖങ്ങള്‍
തിരിച്ചറിയുന്നു.

0 comments: