Tuesday, November 16, 2010

സൂര്യകലഹം

നീണ്ട ഇടനാഴിയിലൂടെ 
കാലം കടന്നു പോകുന്നു 
കിളിവാതിലുകളില്‍ ആ മുഖം മാത്രം ചിരിച്ചു കണ്ടില്ല
കാറ്റിലൊഴുകിയെത്തിയ മേഘത്തൂവലുകള്‍
ആത്മാര്‍ത്ഥതയുടെയും  ആശംസയുടെയും   
തിരുവെഴുത്തുകളായി അവതരിച്ചു
അവ
ഒറ്റപ്പെട്ടവന്റെ  പരിഭവജ്വാലകളില്‍
സൂര്യകലഹമായി എരിഞ്ഞുയര്‍ന്നു
ലക്ഷ്യം മറന്ന പേപ്പാച്ചിലില്‍  
നേട്ടങ്ങളുടെ 
എല്ലിന്‍തുണ്ടുകള്‍ കിട്ടിയ നായ്ക്കൂട്ടങ്ങള്‍,
അഹങ്കാരച്ചിരി നുരയുന്ന ഓരിയിടല്‍,
മേല്‍പ്പോട്ടു തുപ്പുന്ന അവജ്ഞയും പുച്ഛവും
നിന്ദയുടെ നിഴലിളക്കം
ആദരവിന്റെയും അംഗീകാരത്തിന്റെയും  
നനവകന്ന കാറ്റും
പാരസ്പര്യത്തിന്റെ പശിമയില്ലാത്ത
മണ്ണും മനസ്സും
പുറകിലുയര്‍ത്തുന്ന പൊടിപടലങ്ങള്‍
പുനര്‍സൃഷ്ടിക്കുന്ന
കാലത്തിന്റെ ഇടനാഴിയില്‍
നാം
നമ്മുടെ സൂര്യമുഖങ്ങള്‍
തിരിച്ചറിയുന്നു.

Saturday, November 13, 2010

വിഭ്രമം


കനത്ത മഴയില്‍
നനഞ്ഞു കുതിര്‍ന്ന ഇന്നലെ;

ചിത്രശലഭത്തിന്റെ
വര്‍ണ്ണച്ചിറകുകള്‍
ഓരോന്നായി
അണിഞ്ഞെത്തിയ
വിഭ്രമം

കണ്ണുകളില്‍ നിന്ന്
കനല്‍ത്തുള്ളികള്‍

ആരുടേതെന്നറിയാതെ
തമ്മില്‍ തിരയുന്ന പാദങ്ങള്‍

നഖങ്ങളിലൂടെ
വിരലുകളിലൂടെ
നീലഞരമ്പുകളിലൂടെ
നനുനനുത്ത രോമങ്ങളിലൂടെ

ആകാശനിഗൂഢതകളിലേയ്ക്ക്
പടര്‍ന്നു കയറുന്ന
നീലക്കുരുവി....

Sunday, August 15, 2010

Monday, November 8, 2010

സ്ക്വിഡൂ...

I have created a new lens on squidoo

Please visit my new lens and bless me.

Saturday, November 6, 2010

നീലക്കുരുവി..

ഇന്ന് അമാവാസി.

അമാവാസിയുടെ ഇരുള്‍ക്കയങ്ങള്‍ക്കുമേല്‍.....
ചുട്ടുപഴുത്ത വികാരങ്ങളടക്കിപ്പിടിച്ച്
വീര്‍പ്പുമുട്ടി നില്ക്കുന്ന കാര്‍മേഘപടലങ്ങള്‍.....

അവയ്ക്കിടയിലൂടെ
ചിറകടിച്ചുയരുന്ന നീലക്കുരുവി.....

ശാരീരികവും
മാനസികവും
വൈകാരികവും
ആത്മീയവുമായ
എല്ലാത്തരത്തിലുമുള്ള
അടക്കിപ്പിടിയ്ക്കലുകളെയും മറികടന്ന്.....

ആത്മസുഖാനന്ദത്തിന്റെ
അതിരുകളില്ലാത്ത
നീലവിഹായസ്സിലേയ്ക്ക്.....

പൂര്‍ണ്ണിമയിലേയ്ക്ക്.....

തിളച്ചുരുകുന്ന
സൂര്യന്റെ തീക്ഷ്ണസത്യങ്ങളിലേയ്ക്ക്


നിന്നോടൊപ്പം...

Sunday, August 8, 2010

Monday, November 1, 2010

രാഗസര്‍പ്പങ്ങള്‍...

ഞാന്‍
കാലരേതസ്സിന്റെ
കാണാനൂലിഴകളില്‍
നെയ്തെടുത്ത
രക്ഷാകവചമായ്
നിന്നെപ്പൊതിയുമ്പോള്‍

പേടിയുടെ
ഉടുപ്പുകളോരോന്നായി
നീ
അഴിച്ചു മാറ്റൂ....

മന്ത്രമര്‍മ്മരങ്ങളുടെ
നനുനനുത്ത വര്‍ണ്ണങ്ങള്‍
മാത്രമണിഞ്ഞ്
കാറ്റിന്റെ കരവലയങ്ങളില്‍
നറുമണം പോലെ
അഭയത്തിന്റെ
ഓങ്കാര നാദമായി
നീ
എന്നിലേയ്ക്ക്
അലിഞ്ഞു തീരുമ്പോള്‍

നിമിഷങ്ങള്‍:
തലമുറകളിലേയ്ക്ക്
പകര്‍ന്നാടുന്ന
രാഗസര്‍പ്പങ്ങള്‍...

ആത്മസുഖത്തിന്റെ
ശിശ്നമുഖത്ത്
ഊറി നിറയുന്ന
ആനന്ദാശ്രു

സ്നേഹ രസനയുടെ
കൂര്‍ത്ത
രസാഗ്രത്തിലെ
അഗ്നിമേളം