വപുസ്സിലന്ത്യ ബിന്ദുവും തുടിച്ചിടും ദിനംവരെന്‍........

വപുസ്സിലന്ത്യബിന്ദുവും തുടിച്ചിടും ദിനംവരെന്‍
തപസ്സിനേകമൂര്‍ത്തിയെന്റെ ഭാരതാംബയാകണം
വിപത്തിലും വെടിഞ്ഞിടാത്ത തീവ്രദീക്ഷയില്‍ സ്വയം
തപിച്ചെരിഞ്ഞതാണു നിന്റെ ജീവിതം സമുജ്ജ്വലം

ക്ഷണം ക്ഷണം പഥങ്ങളൊക്കെ ദുര്‍ഗ്ഗമങ്ങളാകിലും
പിണങ്ങിമാറിയുറ്റവര്‍ സഖാക്കളും മറക്കിലും
തുണച്ചു ധ്യേയപൂര്‍ത്തി കൈവരിക്കുവാനൊരുള്‍ക്കരു-
ത്തുണര്‍ത്തിടും മഹസ്സു നിന്റെ ജീവിതം സമുജ്ജ്വലം

പടയ്ക്കൊരുങ്ങി സേനകള്‍ നിരന്നു മുന്നിലെത്തവെ
പിടഞ്ഞൊളിക്കുമര്‍ജ്ജുനന്റെ ശങ്ക തീര്‍ത്ത ശംഖമായ്

അടര്‍ക്കളത്തിലഗ്നി ചിന്നുമായിരം യുവാക്കളില്‍
പടര്‍ന്നു കത്തിടുന്നു നിന്റെ ജീവിതം സമുജ്ജ്വലം


അഹിംസയേകമാര്‍ഗ്ഗമെന്ന ബുദ്ധി നീ തെളിച്ചതും
അസത്യമല്ല സത്യമാണു ദൈവമെന്നുരച്ചതും
അപാരശക്തിയാര്‍ന്നു ഭൂവിനേകിടുന്നു സാന്ത്വനം
അഭൗമസൂര്യകാന്തി നിന്റെ ജീവിതം സമുജ്ജ്വലം