ഭൌമതാപങ്ങള്‍


വേളിക്കു വേണം ’റിഹേഴ്സലെ’ന്നെന്‍
തോളത്തു തട്ടി നീ പണ്ടു ചൊല്ലി.

പടിവാതില്‍ പാളികള്‍ നീക്കിയുള്ളില്‍
ഇടംകാലു വച്ചു നീ കേറി നിന്നൂ
പതിയെപ്പുണര്‍ന്നാകെ മൂടിയെന്നെ
മതികെട്ടു ഞാനും മദിച്ചു തുള്ളി.

പുടവയായ് പൊന്‍വെയില്‍ തന്നെ നീട്ടി
മുടിയിലോ വെണ്മുകില്‍ പൂവു ചൂടി
ചരടൊരു തെന്നലിന്‍ നേര്‍ത്ത നാരാല്‍
തരിമണിച്ചേലൊത്തു ചേര്‍ത്തു കെട്ടി
ഒരു തരി സിന്ദൂര സാന്ധ്യ വര്‍ണ്ണ-
പ്പരല്‍ കൊണ്ടു സീമന്തരേഖ മൂടി.

കനവിന്റെ തേന്‍കനിയുണ്ടുറങ്ങാ-
നനുനയിച്ചെന്നെ നീ തൊട്ടുണര്‍ത്തി.
മിഴിയടച്ചിരുളിന്‍ വയലൊരുക്കി
ഉഴവുചാലില്‍ നുകച്ചൂടൊഴുക്കീ

അടരാടി കോശാണു രാഗവായ്പി-
ന്നടരുകളായിത്തുടിച്ചു നീന്തി.
വിയര്‍പ്പുപ്പിലുള്ളിന്‍ കടല്‍ത്തിളക്കം
ഉയിര്‍പ്പൂവിലുന്മദത്തേന്‍ വഴക്കം.

കനിവിയന്നാത്മാനുതാപമോടെ  

പനിമതിപ്പാലിന്‍ തണുപ്പു തൂവി
’ഇനിയെന്നു നമ്മുടെ വേളി ?’-യെന്നെന്‍
കുനു ചില്ലി മെല്ലെ വളച്ചിടുമ്പോള്‍

തളരുന്നു; ഭൂമിതന്നുള്‍ക്കരുത്തില്‍
പുളയുന്ന പൌരുഷ സൂര്യതാപം
’എരിയു,മീ വേനലി’, ലെന്നു രാവിന്‍
തരിവെട്ടമായ് നീ പൊലിഞ്ഞിടുന്നൂ

വെയിലെത്ര മഴയെത്ര വന്നു പോയി
കുയിലുകള്‍ പാടിപ്പറന്നു പോയി
കയറും മലമുടിച്ചില്ലുടഞ്ഞൂ
വയലും വിഷക്കറപ്പേക്കളമായ്.

ഇവിടെയിത്താരാപഥത്തിരക്കില്‍  

കവിയുന്ന ചോപ്പിന്‍ തെരുവരങ്ങില്‍
ഇടവേള തോറും ഞാന്‍ കാത്തിരിപ്പാ-
ണുടയോനെ, മൃത്യു റിഹേഴ്സലാടാന്‍. കടപ്പാട്: 
"ദ്രൌപതി വര്‍മ്മ"യുടെ "റിഹേഴ്സല്‍".